കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഎം മുൻ നേതാവിനെ ഇഡി ചോദ്യം ചെയ്യുന്നു
തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് മുൻ അംഗം സി.കെ ചന്ദ്രനെയാണ് ചോദ്യം ചെയ്യുന്നത്
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സി.പി.എം മുൻ നേതാവിനെ ഇഡി ചോദ്യം ചെയ്യുന്നു. തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് മുൻ അംഗം സികെ ചന്ദ്രനെയാണ് ചോദ്യം ചെയ്യുന്നത്. കൊച്ചിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത പ്രതികളിൽ നിന്നാണ് സികെ ചന്ദ്രന് കേസുമായി ബന്ധമുണ്ടെന്ന് ഇ.ഡിക്ക് വിവരം ലഭിച്ചത്. ഇതിൽ വ്യക്തത വരുത്താനായാണ് സികെ ചന്ദ്രനെ ചോദ്യം ചെയ്യുന്നത്. തട്ടിപ്പ് നടക്കുന്ന സമയത്ത് ബാങ്കിന്‍റെ ചുമതല പാർട്ടി ഏൽപ്പിച്ചിരുന്നത് സി.കെ ചന്ദ്രനെയാണ്. ഈ സമയത്ത് അദ്ദേഹത്തിന്‍റെ ഭാര്യയായിരുന്നു ബാങ്കിന്‍റെ മാനേജർ . സി.പി.എം ഏരിയാ കമ്മിറ്റി അംഗവും ബാങ്ക് സെക്രട്ടറിയുമായിരുന്ന സുനിൽ കുമാറുമായി ചേർന്ന് തട്ടിപ്പിന് കൂട്ടു നിന്നു എന്നതാണ് പ്രധാന പരാതി. ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത പ്രതികള്‍ നൽകിയ മൊഴിയും ഇത് തന്നെയാണ്. ആരോപണങ്ങള്‍ ഉയർന്നതിന് പിന്നാലെ ചന്ദ്രനെ സി.പി.എമ്മിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.