കരുവന്നൂർ ബാങ്ക് തട്ടിപ്പ്: കേരള ബാങ്ക് 250 കോടിയുടെ രക്ഷാപാക്കേജ് പ്രഖ്യാപിക്കും
തൃശൂർ ജില്ലയിലെ സഹകരണ ബാങ്കുകളുടെ കോൺസൊർഷ്യം രൂപീകരിച്ച് പണം സമാഹരിക്കാനാണ് കേരള ബാങ്ക് തീരുമാനം
തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിന്‍റെ ബാധ്യത തീർക്കാൻ കേരള ബാങ്ക് 250 കോടിയുടെ രക്ഷാപാക്കേജ് പ്രഖ്യാപിക്കും. ജില്ലയിലെ 136 സഹകരണ ബാങ്കുകളിൽ നിന്ന് ആദ്യ ഘട്ടത്തിൽ 50 കോടി സമാഹരിക്കും. ഈ മാസം എട്ടാം തിയതിയോടെ ഇതിനായി പ്രത്യേക സർക്കാർ ഉത്തരവ് ഇറങ്ങുമെന്ന് കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ കണ്ണൻ വ്യക്തമാക്കി.
തൃശൂർ ജില്ലയിലെ സഹകരണ ബാങ്കുകളുടെ കോൺസൊർഷ്യം രൂപീകരിച്ച് പണം സമാഹരിക്കാനാണ് കേരള ബാങ്ക് തീരുമാനം. 7 ശതമാനം പലിശക്ക് 3 വർഷത്തേക്കാണ് പണം സമാഹരിക്കുക. വായ്പക്ക് സർക്കാർ ഗ്യാരണ്ടി നൽകും. ഈ മാസം 8 ന് ധനമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങും. സഞ്ചരിക്കുന്ന തുകയുടെ 25 ശതമാനം നിക്ഷേപകർക്ക് നൽകും. ബാക്കി തുക പ്രവർത്തന മൂലധനമായി ഉപയോഗിക്കും.
കരുവന്നൂർ സഹകരണ ബാങ്കിൽ വ്യാജ രേഖകൾ ഉണ്ടാക്കി വായ്പകൾ എടുത്തതടക്കം 226 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്.104 കോടി രൂപയുടെ അഴിമതിയാണു ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയത്. 4 പതിറ്റാണ്ടിലേറെയായി സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണു കരുവന്നൂർ ബാങ്ക് ഭരിക്കുന്നത്. വ്യാപക തട്ടിപ്പുകൾ നടക്കുന്നതായി 10 കൊല്ലം മുൻപുതന്നെ പരാതികൾ ലഭിച്ചിട്ടും അവഗണിക്കുകയായിരുന്നു എന്ന് ആക്ഷേപമുണ്ട്.
Summary: Kerala Bank will announce a rescue package of Rs 250 crore to settle the liabilities of Thrissur Karuvannur Co-operative Bank.