കാസർകോട് ഭക്ഷ്യവിഷബാധ മരണത്തിൽ കേസെടുത്തു; ഹോട്ടൽ അടച്ചുപൂട്ടാൻ നിർദേശം
ഹോട്ടലിൽനിന്ന് ഡിസംബർ 31നാണ് അഞ്ജുശ്രീയും കുടുംബവും ഓൺലൈനിൽ കുഴിമന്തി വരുത്തിയത്
കാസർകോട്: ഭക്ഷ്യവിഷബാധയെ തുടർന്ന് പെൺകുട്ടി മരിച്ച സംഭവത്തിൽ കേസെടുത്തു. മരിച്ച അഞ്ജുശ്രീ മന്തി വരുത്തിച്ച അട്ക്കത്ത് അൽ റൊമാൻസിയ ഹോട്ടൽ അടച്ചുപൂട്ടാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. ഹോട്ടലിൽനിന്ന് ഭക്ഷ്യസാംപിൾ ശേഖരിച്ചിട്ടുണ്ട്. ഇത് പരിശോധനയ്ക്ക് അയയ്ക്കും.
എസ്.പി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടക്കുന്നത്. സംഭവത്തിൽ ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ട് റിപ്പോർട്ട് ലഭിച്ചാൽ കൂടുതൽ നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
കാസർക്കാട് തലക്ലായി സ്വദേശിയാണ് മരിച്ച അഞ്ജുശ്രീ പാർവതി. അൽ റൊമാൻസിയ ഹോട്ടലിൽനിന്ന് ഡിസംബർ 31നാണ് അഞ്ജുശ്രീയും കുടുംബവും ഓൺലൈനിൽ കുഴിമന്തി വരുത്തിയത്. ഭക്ഷണം കഴിച്ചതിനു പിന്നാലെ അഞ്ജുശ്രീക്ക് അവശത അനുഭവപ്പെടുകയായിരുന്നുവെന്ന് കുടുംബം പറയുന്നു. ഉടൻ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെനിന്നും നില വഷളായതോടെ മംഗളൂരുവിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നു രാവിലെയാണ് പെൺകുട്ടി മരിച്ചത്. സംഭവത്തിൽ മേൽപ്പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
Summary: A case has been registered in the case of the girl's death due to food poisoning in Kasaragod