'കീം റാങ്കിങ്ങിനുള്ള നോർമലൈസേഷൻ മാനദണ്ഡങ്ങൾ പുനക്രമീകരിക്കണം'; കെഎസ്ടിഎ രംഗത്ത്
മാനദണ്ഡങ്ങൾ മാറ്റണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ രംഗത്തെത്തിയതിന് പിന്നാലെയാണ് അധ്യാപക സംഘടനകളുടെ പ്രതികരണം
കോഴിക്കോട്: കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ റാങ്കിംഗിനുള്ള നോർമലൈസേഷൻ മാനദണ്ഡങ്ങൾ പുനക്രമീകരിക്കണമെന്ന് കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെഎസ്ടിഎ). നിലവിലെ റാങ്കിംഗിൽ സ്റ്റേറ്റ് സിലബസിലെ വിദ്യാർത്ഥികൾ പിന്നാക്കം പോയിരുന്നു. നോർമലൈസേഷൻ മാനദണ്ഡങ്ങളാണ് ഇതിനിടയാക്കിയതെന്നാണ് ആക്ഷേപം. മാനദണ്ഡങ്ങൾ മാറ്റണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ രംഗത്തെത്തിയതിന് പിന്നാലെയാണ് അധ്യാപക സംഘടനകളുടെ പ്രതികരണം.
കേരള സിലബസിലെ വിദ്യാർഥികൾക്ക് 27 മാർക്കാണ് നോർമലൈസേഷൻ മാനദണ്ഡങ്ങൾ മൂലം നഷ്ടപ്പെട്ടത്. തുടർന്ന് ഇവർ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. ഇതിന് പിന്നാലെ പ്രതിഷേധമറിയിച്ച് കെഎസ്ടിഎ പത്രക്കുറിപ്പിറക്കുകയായിരുന്നു. നിലവിലെ പ്രവേശന പരീക്ഷയ്ക്കുള്ള നോർമലൈസേഷൻ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കണമെന്നതാണ് കെഎസ്ടിഎയുടെയും ആവശ്യം. ഇതേ ആവശ്യവുമായി എസ്എഫ്‌ഐ അടക്കമുള്ള വിദ്യാർഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. മാനദണ്ഡങ്ങൾ പുനക്രമീകരിക്കുന്നതിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് എസ്എഫ്‌ഐ നിവേദനം നൽകിയിരുന്നു.