കേരളാ കോൺഗ്രസ് അറുപതാം പിറന്നാൾ നിറവിൽ
വളരുംതോറും പിളരുന്ന പാർട്ടി എന്ന് പേരെടുത്ത കേരളാ കോൺഗ്രസ് എക്കാലവും സംസ്ഥാന രാഷ്ട്രീയത്തിൽ സമ്മർദ ശക്തിയാണ്
കോട്ടയം: കേരളാ കോൺഗ്രസ് അറുപതാം പിറന്നാൾ നിറവിൽ . വളരുംതോറും പിളരുന്ന പാർട്ടി എന്ന് പേരെടുത്ത കേരളാ കോൺഗ്രസ് എക്കാലവും സംസ്ഥാന രാഷ്ട്രീയത്തിൽ സമ്മർദ ശക്തിയാണ്. 1964 ഒക്ടോബർ 9 ന് ജന്മമെടുത്ത പാർട്ടിയുടെ അറുപതാം പിറന്നാൾ വിവിധ കേരളാ കോൺഗ്രസുകൾ ആഘോഷിച്ചു.
ആർ.ശങ്കർ മന്ത്രിസഭയ്ക്കെതിരായ അവിശ്വാസ പ്രമേയഞ്ഞ പിന്തുണച്ച കെ.എം ജോർജിൻ്റെ നേതൃത്വത്തിലുള്ള 15 എം.എൽ.എമാർ കോൺഗ്രസിൻ്റെ പിളർപ്പിനു കളമൊരുക്കി. പിടി ചാക്കോ മന്ത്രിസ്ഥാനം രാജിവെച്ചതും തുടർന്നുണ്ടായ വിവാദങ്ങളും അദ്ദേഹത്തിൻ്റെ മരണവും കേരളാ കോൺഗ്രസിൻ്റെ രൂപീകരണത്തിനു വഴിതെളിച്ചു. 65 ൽ മന്നത്തു പത്മനാഭൻ്റെ പിന്തുണയോടെ പാർട്ടി ഒറ്റയ്ക്ക് മത്സരിച്ചു. 23 സീറ്റുകൾ സ്വന്തമാക്കി. കെ.എം ജോർജ് 69 ലെ സി. അച്യുത മേനോൻ മന്ത്രിസഭയിൽ ആദ്യമന്ത്രിയായി.പിന്നീട് കെ.എം മാണി , ആർ.ബാലകൃഷ്ണപിള്ള, പി.ജെ ജോസഫ്, നാരാരായണ കുറുപ്പ് , ടി.എം ജേക്കബ് എന്നിവർ പല മന്ത്രിസഭകളിലും അംഗങ്ങളായി. 79 ൽ പാർട്ടി ചെയർമാൻ സ്ഥാനത്തെ ചൊല്ലി കെ.എം മാണിയുമായി പിണങ്ങി ജോസഫ് ഗ്രൂപ്പ് നിലവിൽ വന്നു. ഇതാണ് കേരളാ കോൺഗ്രസിലെ എക്കാലത്തെയും വലിയ പിളർപ്പ് .പിന്നീട് അടുത്തും അകന്നും നേതാക്കളുടെ നേതൃത്വത്തിൽ
ബ്രാക്കറ്റുള്ള പാർട്ടിയായി നിരവധി കേരളാ കോൺഗ്രസുകൾ കേരള രാഷ്ട്രീയത്തിൽ വന്നു. നിലവിൽ കേരളാ കോൺഗ്രസ് ജേക്കബ്, ജോസഫ് വിഭാഗങ്ങൾ യുഡിഎഫിനൊപ്പമാണ്. എല്‍.ഡി.എഫിൻ്റെ കൂടെ കേരളാ കോൺഗ്രസ് എം, ജനാധിപത്യ കേരളാ കോൺഗ്രസ്, കേരളാ കോൺഗ്രസ് ബി , സ്കറിയാ തോമസ് വിഭാഗം കേരളാ കോൺഗ്രസ് എന്നിവയുണ്ട്. ഒരു മുന്നണിയിലും ഇല്ലാതെ പി.സി ജോർജിൻ്റെ ജനപക്ഷം സെക്യുലറും കേരളാ കോൺഗ്രസായി.