മുന്നണി വിപുലീകരണം; ചിന്തിൻ ശിബരിലെ പ്രസ്താവനയിൽ കടുത്ത വിയോജിപ്പുമായി കേരളകോൺഗ്രസ്
ജോസ് വിഭാഗത്തെ തിരികെയെത്തിക്കാനുള്ള നീക്കത്തെ എതിർക്കും
കോഴിക്കോട്: ചിന്തൻ ശിബിരിൽ സുധാകൻ നടത്തിയ പ്രസ്താവനയിൽ കടുത്ത വിയോജിപ്പുമായി കേരള കോൺഗ്രസ്. ഇടത് മുന്നണിയിലെ അതൃപ്തരെ അടർത്തിയെടുക്കാനുള്ള നീക്കമാണെങ്കിലും കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തെ ഇവർ ശക്തമായി എതിർക്കുമെന്നാണ് നേതാക്കൾ പറയുന്നത്. എന്നാൽ വൈകി വന്ന വിവേകമാണെന്ന് കേരള കോൺഗ്രസ് എം പറയുബോഴും മുന്നണിമാറാൻ ജോസ് കെ മാണിയും കൂട്ടരും ഇപ്പോൾ തയ്യാറല്ല.
മുന്നണി വിപുലീകരണം വേണമെന്ന് അഭിപ്രായപ്പെടുന്നതിലൂടെ മധ്യകേരളത്തിലെ നഷ്ടമായ ശക്തി തിരിച്ച് പിടിക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നത്. അതുകൊണ്ട് തന്നെയാണ് കേരള കോൺഗ്രസ് ഇതിനെ ശക്തമായി എതിർക്കുന്നതും. കേരള കോൺഗ്രസ് എം യുഡിഎഫ് വിട്ടത് തെരഞ്ഞെടുപ്പുകളിൽ വലിയ തിരിച്ചടിയായിരുന്നു. ഇവരെ തിരിച്ച് കൊണ്ടുവരുന്നതടക്കമുള്ള കാര്യങ്ങൾ മുന്നിൽ കണ്ടാണ് കെപിസിസി പ്രസിഡന്റ് മുന്നണി വിപുലീകരണത്തെ കുറിച്ച് പറഞ്ഞത്.
എന്നാൽ ഇതിനോട് കേരള കോൺഗ്രസിന് ശക്തമായ എതിർപ്പുണ്ട്. യുഡിഎഫിൽ വിഷയം ചർച്ച ചെയ്താൽ എതിർപ്പ് ഉയർത്താനാണ് തീരുമാനം. ഇക്കാര്യത്തിൽ കോട്ടയത്തെ യുഡിഎഫിനുള്ളിലും രണ്ട് നിലപാടുണ്ട്. അതേസമയം, വൈകി വന്ന വിവേകമാണ് കോൺഗ്രസിനെന്നാണ് കേരള കോൺഗ്രസ്എം പറയുന്നത്. എങ്കിലും നിലവിലെ സാഹചര്യത്തിൽ മുന്നണി മാറുന്നതിനെ കുറിച്ച് യാതൊരു ചിന്തയും ഇവർക്കില്ല. മറ്റ് പാർട്ടികളെ ഉദ്ദേശിച്ചാകും ഇക്കാര്യം സുധാകരൻ പറഞ്ഞതെന്നാണ് കേരള കോൺഗ്രസ് എമ്മിന്റെ പ്രതികരണം.
എന്തായാലും മുന്നണി വിപുലീകരണമെന്ന ചിന്തൻ ശിബിരിലെ കെ സുധാകരന്റെ പ്രസ്താവന യുഡിഎഫിലും പൊട്ടിത്തെറി ഉണ്ടാക്കാനാണ് സാധ്യത.