42 ഭൂമി കേസുകളിൽ തോറ്റിട്ടും എന്ത് കൊണ്ട് അപ്പീൽ പോയില്ല; മൂന്നാർ പട്ടയക്കേസിൽ സർക്കാറിന് ഹൈക്കോടതി വിമർശനം
മൂന്നാറിലെ ഭൂമികൈയേറ്റവും വ്യാജപട്ടയവും സംബന്ധിച്ച കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികളാണ് ഹൈക്കോടതിയുടെ വിമർശനം.
Update: 2024-05-29 10:22 GMT
കൊച്ചി: മൂന്നാർ ഭൂമി കൈയേറ്റം സംബന്ധിച്ച കേസിൽ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. വ്യാജ പട്ടയക്കേസിൽ എം.ഐ രവീന്ദ്രനെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് കോടതി ചോദിച്ചു. മൂന്നാറിലെ ഭൂമികൈയേറ്റവും വ്യാജപട്ടയവും സംബന്ധിച്ച കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികളാണ് ഹൈക്കോടതിയുടെ വിമർശനം.
42 ഭൂമി കേസുകളിൽ സർക്കാർ കോടതിയിൽ തോറ്റു. എന്നിട്ടും എന്ത് കൊണ്ട് അപ്പീൽ ഫയൽ ചെയ്തില്ല. വ്യാജ പട്ടയ കേസിൽ വൻ അഴിമതി നടന്നു. കേസിൽ ഗൂഢാലോചന കുറ്റം മാത്രം ചുമത്തിയത് തൃപ്തികരമല്ല. രവീന്ദ്രന് മാത്രമായി വ്യാജ പട്ടയം ഉണ്ടാക്കാനാകില്ലെന്നും പിന്നിൽ വേറെയും ചില ആളുകൾ ഉണ്ടാകും. അതിനാൽ കേസിൽ സി.ബി.ഐയെ സ്വമേധയാ കക്ഷി ചേർക്കും എന്ന് ഹൈക്കോടതി വ്യക്തമാക്കി.