സാങ്കേതിക സർവകലാശാല വി.സി നിയമനം റദ്ദാക്കൽ; പുനഃപരിശോധനാ ഹരജി നീക്കവുമായി കേരളം
മറ്റ് സർവകലാശാലകളിലെ വി.സി നിയമനത്തെ ബാധിക്കുമെന്നതിനാലാണ് സർക്കാർ നീക്കം.
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനം റദ്ദ് ചെയ്ത സുപ്രിംകോടതി വിധിക്കെതിരെ കേരളം പുനഃപരിശോധനാ ഹരജി നൽകിയേക്കും. ഇതിനായി നിയമ വിദഗ്ദരുമായി കൂടിയാലോചന നടത്തും. പുനഃപരിശോധനാ ഹരജിയുമായി ബന്ധപ്പെട്ട് സർക്കാർ എ.ജിയുടെ നിയമോപദേശം തേടും.
മറ്റ് സർവകലാശാലകളിലെ വി.സി നിയമനത്തെ ബാധിക്കുമെന്നതിനാലാണ് സർക്കാർ നീക്കം. സുപ്രിംകോടതി ഉത്തരവ് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. അതിനാലാണ് വിധി മറികടക്കാൻ എന്ത് ചെയ്യാൻ കഴിയുമെന്ന് സർക്കാർ ആലോചിക്കുന്നത്.
കെ.ടി.യു വി.സിയെ പുറത്താക്കിയതിന് സുപ്രിംകോടതി ചൂണ്ടിക്കാട്ടിയ കാരണം സംസ്ഥാനത്തെ മറ്റ് അഞ്ച് വി.സിമാർക്ക് കൂടി ബാധകമാക്കിയാല്‍ പ്രതിസന്ധിയായി മാറും. കണ്ണൂർ, സംസ്കൃതം, ഫിഷറീസ്, എം.ജി, കേരള സർവകലാശാലകളിലെ വി.സിമാരെ നിയമിച്ചപ്പോഴും ഒരു പേരു മാത്രമാണ് ഗവർണർക്ക് സമർപ്പിച്ചത്.
യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമാണ് നിയമനമെന്നു ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞദിവസം ഡോ. എം എസ് രാജശ്രീയുടെ നിയമനം സുപ്രിംകോടതി റദ്ദാക്കിയത്. വിധിയുടെ പശ്ചാത്തലത്തില്‍ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ നടത്തുന്ന നീക്കങ്ങളും സര്‍ക്കാരിന് നിർണായകമാണ്.
അതേസമയം, കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല തകർന്നുവെന്നാണ് പ്രതിപക്ഷ വിമർശനം. ഇത്രയും ഗുരുതമായ സാഹചര്യം സൃഷ്ടിച്ചതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഇതിനിടെ, വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനെ പരിഹസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തു വന്നിരുന്നു.