ഷുഹൈബ് വധം ക്വട്ടേഷനല്ലെങ്കിൽ ലക്ഷങ്ങൾ ചെലവാക്കി വക്കീലന്‍മാരെ കൊണ്ടുവന്നത് എന്തിന്? ടി.സിദ്ധിഖ്
പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു
തിരുവനന്തപുരം: ഷുഹൈബ് വധം ക്വട്ടേഷൻ അല്ലെങ്കിൽ ലക്ഷങ്ങൾ ചെലവാക്കി വക്കീലമാരെ കൊണ്ടുവന്നത് എന്തിനെന്ന് ടി.സിദ്ധിഖ് എം.എൽ.എ നിയമസഭയിൽ. 'സർക്കാരിന് വേണ്ടി കേസ് വാദിച്ചത് രാജ്യത്തെ പ്രമുഖ അഭിഭാഷകരാണ്. ആകാശ് തില്ലങ്കേരി നിങ്ങളുടെ മടിയിൽ ആണെന്നതിന് മറ്റ് എന്ത് തെളിവാണ് വേണ്ടത്. ഷുഹൈബും ആകാശും തമ്മിൽ പരസ്പര ബന്ധമില്ല'.കൊലയ്ക്ക് കാരണം രാഷ്ട്രീയ പ്രശ്‌നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
'ആകാശ് പറയുന്നത് ഞങ്ങൾ വാ തുറന്നാൽ പാർട്ടിക്ക് പുറത്തിറങ്ങി നടക്കാൻ പറ്റില്ലെന്നാണെന്നും ഈവെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്നും ടി.സിദ്ധിഖ് ആവശ്യപ്പെട്ടു. ആകാശ് തില്ലങ്കേരിയെ പുറത്താക്കുന്നതിന് മുമ്പ് ഓഫീസിൽ വിളിച്ച് വരുത്തി പറഞ്ഞു. മകനെ സ്‌കൂളിൽ നിന്ന് പുറത്താക്കുമ്പോൾ അച്ഛനെ കൂട്ടി വരണമെന്ന് പറഞ്ഞ പോലെയായിരുന്നു ആകാശ് തില്ലങ്കേരിയെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്.യു.എ.പി.എ ചുമത്താതെ പ്രതികളെ രക്ഷിക്കാൻ ശ്രമങ്ങൾ നടന്നു'. സി.ബി.ഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി വെച്ചത് പ്രതികളെ സഹായിക്കാണെന്നും സിദ്ധിഖ് പറഞ്ഞു.
അനുവദിച്ച സമയം കഴിഞ്ഞിട്ടും പ്രസംഗം തുടർന്ന സിദ്ധിഖിന്റെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തു. അതേസമയം, ഷുഹൈബ് വധക്കേസിലെ ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ സഭനിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു.