ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം: ഫോൺകോൾ വന്നത് പാരിപ്പള്ളിയില്‍ നിന്ന്

പാരിപ്പള്ളിയിലെ ഒരു ചായക്കടയിൽ നിന്നാണ് കോൾ വന്നതെന്ന് കണ്ടെത്തി. ഓട്ടോയിൽ എത്തിയ സ്ത്രീയും പുരുഷനും ചായക്കട ജീവനക്കാരന്റെ ഫോൺ വാങ്ങി വിളിക്കുകയായിരുന്നു

Update: 2023-11-28 05:58 GMT
Advertising

കൊല്ലം: കൊല്ലം ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺകോൾ വന്നത് കൊല്ലം ജില്ലയിലെ പാരിപ്പള്ളിയില്‍ നിന്നാണെന്ന് തിരിച്ചറിഞ്ഞു. പാരിപ്പള്ളിയിലെ ഒരു ചായക്കടയിൽ നിന്നാണ് കോൾ വന്നതെന്ന് കണ്ടെത്തി. ഓട്ടോയിൽ എത്തിയ സ്ത്രീയും പുരുഷനും ചായക്കട ജീവനക്കാരന്റെ ഫോൺ വാങ്ങി വിളിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൽ പൊലീസിന് ലഭിച്ചു.

എന്നാൽ ദൃശ്യങ്ങളിൽ മുഖം വ്യക്തമല്ല എന്നാണ് പൊലീസ് നൽകുന്ന വിവരം. പാരിപ്പള്ളിയിൽ പൊലീസ് സംഘം കർശന പരിശോധന ആരംഭിച്ചു. സംഭവത്തിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ വാഹനത്തിന്റെ ഉടമയെയും പൊലീസ് കണ്ടെത്തി. ഇന്ന് വൈകിട്ട് 4.45 ഓടെയാണ് കൊല്ലം ഓയൂരിൽ നിന്ന് സഹോദരനൊപ്പം ട്യൂഷൻ ക്ലാസിനായി പോയ ആറുവയസുകാരിയെ കാറിലെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്.

വെള്ള നിറത്തിലുള്ള ഹോണ്ട അമയിസ് കാറിലാണ് സംഘമെത്തിയത്. കുട്ടികളുടെ അടുത്ത് നിർത്തിയ വാഹനത്തിൽ നിന്നും ഇവർക്കുനേരെ കാറിലെത്തിയവർ ഒരു കടലാസ് നീട്ടി. ഇതിനിടെ പെൺകുട്ടിയെ ബലമായി കാറിലേക്ക് കയറ്റിക്കൊണ്ടുപോയി എന്നാണ് സഹോദരന്റെ മൊഴി. കുട്ടിയെ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്ന അമയിസ് കാറിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള വാഹനത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇതിനിടെ. മോചനദ്രവ്യമായി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് കോൾ എത്തി.

ഒരു സ്ത്രീയാണ് വിളിച്ചതെന്നാണ് വിവരം. കുട്ടി സുരക്ഷിതമായി തങ്ങളുടെ കയ്യിലുണ്ടെന്നും വിട്ടുകിട്ടണമെങ്കിൽ പണം വേണമെന്നും ആവശ്യപ്പെട്ടാണ് കോൾ എത്തിയത്. കോൾ ട്രേസ് ചെയ്ത് പൊലീസ് വിശദമായ പരിശോധന ആരംഭിച്ചു. കുട്ടിയെ തട്ടിക്കൊണ്ടു പോയവരുടെ കൂട്ടത്തിൽ ഒരു സ്ത്രീയുണ്ടെന്നാണ് സഹോദരൻ ജൊനാഥന്റെ മൊഴി. ഇത് സത്യമാണെന്ന വിവരങ്ങളാണ് പുറത്തു വരുന്നതും. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പണത്തിന് വേണ്ടി തന്നെയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് നിഗമനം.

തിരുവനന്തപുരത്തേക്കും പത്തനംതിട്ടയിലേക്കും പുനലൂർ വഴി തമിഴ്നാട്ടിലേക്കും കടക്കാമെന്നതിനാൽ അതിർത്തികളിൽ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. 14 ജില്ലകളിലും പൊലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അതിർത്തികളിൽ എല്ലാ വാഹനങ്ങളും കർശനമായി പരിശോധിക്കാനാണ് എഡിജിപിയുടെ നിർദേശം.കുറച്ച് ദിവസങ്ങളായി പരിസരത്ത് ഒരു വെള്ള കാർ കറങ്ങുന്നതായി പ്രദേശവാസികളായ കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. തിരുവനന്തപുരം രജിസ്ട്രേഷനിൽ ഉള്ളതാണ് ഈ കാർ. അതുകൊണ്ടു തന്നെ ജില്ല കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഊർജിതമാണ്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News