മധുര പ്രതികാരമായി കെ.കെ.രമയുടെ വിജയം
തപാൽവോട്ട് എണ്ണിത്തുടങ്ങുമ്പോൾ മുതൽ കെ.കെ.രമ മുന്നിലായിരുന്നു
കേരളത്തിന്റെ കണ്ണീർത്തുള്ളി കെ.കെ.രമ നിയമസഭയിലേക്ക്. വടകരയിൽനിന്ന് എൽഡിഎഫ് സ്ഥാനാർഥി മനയത്ത് ചന്ദ്രനെ പരാജയപ്പെടുത്തിയാണ് രമ ആർ.എം.പി എംഎൽഎ ആയി നിയമസഭയിലേക്ക് എത്തുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി സി.കെ.നാണു 9511 വോട്ട് ഭൂരിപക്ഷം നേടിയിരുന്നെങ്കിൽ രമയുടെ ഭൂരിപക്ഷം 7014. 2008 ൽ ഒഞ്ചിയത്തെ സിപിഎം വിമതർ ചേർന്നു രൂപീകരിച്ച ആർഎംപിക്കു ചരിത്രത്തിൽ ആദ്യമായി എംഎൽഎ സ്ഥാനം ലഭിച്ചു. സമാധാനത്തിനും വേണ്ടിയുള്ള വോട്ടിങ്ങാണ് വടകരയിൽ നടന്നതെന്നായിരുന്നു രമയുടെ ആദ്യ പ്രതികരണം. വിജയം രമ ടി.പി.ചന്ദ്രശേഖരനു സമർപ്പിക്കുന്നു. സഭയിൽ രമയുടെ സാന്നിധ്യം സിപിഎമ്മിനെ അസ്വസ്ഥരാക്കുന്ന ഘടകമാണ്.
തപാൽവോട്ട് എണ്ണിത്തുടങ്ങുമ്പോൾ മുതൽ കെ.കെ.രമ മുന്നിലായിരുന്നു. രമയുടെ ഭൂരിപക്ഷം എല്ലാ ഘട്ടത്തിലും ഉയർന്നു നിന്നു. ഇടയ്ക്ക് 2000 ൽ നിന്നു ഭൂരിപക്ഷം 450 ലേക്കു കുറഞ്ഞെങ്കിലും അടുത്ത റൗണ്ടുകളിൽ രമ ഭൂരിപക്ഷം തിരിച്ചു പിടിച്ചു. കോഴിക്കോട്ടെ സ്ഥാനാർഥികളിൽ അതിവേഗം ഫിനിഷിങ് പോയിന്റിൽ എത്തിയവരിൽ ഒരാളും രമയായിരുന്നു.