വ്യക്തിപരമായ നേട്ടമായി കാണുന്നില്ല; മാഗ്‌സെസെ പുരസ്‌കാരം നിരസിച്ചത് കൂട്ടായ തീരുമാനമെന്ന് കെ.കെ ശൈലജ
ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് കോവിഡ്, നിപ മഹാമാരികളെ പ്രതിരോധിക്കാൻ നടത്തിയ പ്രവർത്തനങ്ങളുടെ പേരിലാണ് ശൈലജ ടീച്ചറെ മാഗ്‌സെസെ അവാർഡിന് പരിഗണിച്ചത്.
തിരുവനന്തപുരം: മാഗ്‌സെസെ പുരസ്‌കാരം നിരസിച്ചത് പാർട്ടിയുടെ കൂട്ടായ തീരുമാനമെന്ന് കെ.കെ ശൈലജ ടീച്ചർ. രാഷ്ട്രീയ നേതാക്കൾക്ക് ഇതുവരെ അവാർഡ് ലഭിച്ചിട്ടില്ല. കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തിയാണ് തീരുമാനമെടുത്തത്. അവാർഡിന് പരിഗണിച്ചതിൽ നന്ദി അറിയിച്ചുകൊണ്ടാണ് അവാർഡ് നിരസിച്ചത്. കോവിഡ്, നിപ പ്രതിരോധം വ്യക്തിപരമായ നേട്ടമല്ലെന്നും അവർ വ്യക്തമാക്കി.
ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് കോവിഡ്, നിപ മഹാമാരികളെ പ്രതിരോധിക്കാൻ നടത്തിയ പ്രവർത്തനങ്ങളുടെ പേരിലാണ് ശൈലജ ടീച്ചറെ മാഗ്‌സെസെ അവാർഡിന് പരിഗണിച്ചത്. എന്നാൽ സിപിഎം കേന്ദ്ര നേതൃത്വം അവാർഡ് സ്വീകരിക്കുന്നത് വിലക്കുകയായിരുന്നു.
ഫിലിപ്പീൻസ് പ്രസിഡന്റായിരുന്ന രമൺ മാഗ്‌സെസെയുടെ പേരിലുള്ളതാണ് ഏഷ്യയിലെ നൊബേൽ പുരസ്‌കാരം എന്നറിയപ്പെടുന്ന മാഗ്‌സെസെ അവാർഡ്. ആരോഗ്യവകുപ്പിന്റെ നേട്ടങ്ങൾ ഒരു വ്യക്തിയുടെ മാത്രം മികവല്ല അത് കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്നാണ് സിപിഎം നിലപാട്. മാത്രമല്ല മാഗ്‌സെസെ വിയറ്റ്‌നാമിലടക്കം കമ്മ്യൂണിസ്റ്റുകളെ കൂട്ടക്കൊല ചെയ്യാൻ നേതൃത്വം നൽകിയ വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ പേരിലുള്ള അവാർഡ് വാങ്ങുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും സിപിഎം കേന്ദ്ര നേതൃത്വം വിലയിരുത്തി.