'തോറ്റ സീറ്റുകളേക്കാൾ പ്രധാനം കിട്ടാതെ പോയ വോട്ടുകൾ, തോൽവിയിൽ ചർച്ച നീട്ടിക്കൊണ്ടു പോകരുത്'; തുറന്നടിച്ച് കെഎം ഷാജി
"ചിലരെ തകർക്കാൻ രാഷ്ട്രീയാതീത സൗഹൃദങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയത്തിൽ ഒരു ഘട്ടം കഴിഞ്ഞാൽ ഡിപ്ലോമാറ്റിക് കോംപ്രമൈസ് നടക്കുന്നു"
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ മുസ്‌ലിംലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ എംഎൽഎ കെഎം ഷാജി. പ്രവർത്തകരുടെ വികാരവും പാർട്ടി ചർച്ചകളും തീരുമാനങ്ങളിൽ പ്രതിഫലിക്കുന്നില്ലെന്നും ഷാജി കുറ്റപ്പെടുത്തി. മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നഷ്ടപ്പെട്ടു പോയ സീറ്റുകളേക്കാൾ പാർട്ടി ഗൗരവമായി കാണേണ്ടത് നഷ്ടപ്പെട്ടു പോയ വോട്ടുകളാണ്. ഇത്ര സീറ്റു കിട്ടിയില്ലെന്നു പറയുന്ന ആശ്വാസമല്ല, ഇത്രയും വോട്ടുകൾ കുറഞ്ഞു പോയില്ലേ എന്ന ആശങ്കയാണ് ഒരു പാർട്ടിയെ, പ്രത്യേകിച്ച് മുസ്ലിം ലീഗിനെ ഗൗരവത്തിൽ ഈ ചർച്ചകൾ കൊണ്ടുവരണമെന്ന് ഞാൻ വിചാരിക്കുന്നത്. മുസ്‌ലിംലീഗിനെ കോർണറൈസ് ചെയ്ത് ആക്രമിക്കൽ ഒക്കെ ഉണ്ടായിട്ടുണ്ട്. ഈ വോട്ടിന്റെ വ്യതിയാനം വരാൻ പാടില്ലാത്തതാണ്. ആരൊക്കെ തോറ്റു പോയി, എത്ര സീറ്റുകൾ കുറഞ്ഞു, എന്നാലും ഇത്രയൊക്കെ നമ്മൾ പിടിച്ചല്ലോ എന്ന ആശ്വാസത്തേക്കാൾ വലുതാണ് ഈ കുറഞ്ഞു പോയ വോട്ടുകൾ' - അദ്ദേഹം പറഞ്ഞു.
'ജയിക്കുന്നേടത്ത് മാത്രം പോര ലീഗ്. ഒരു കാലത്തും ജയിക്കില്ലെന്ന് നൂറു ശതമാനം ഉറപ്പുള്ള നിയോജക മണ്ഡലത്തിലെ ഏതെങ്കിലും ഒരു ഗ്രാമത്തിൽ നിൽക്കുന്ന ഒരു ലീഗുകാരന്, അവന്റെ വികാരത്തെ കൂടി അഡ്രസ് ചെയ്യാനുള്ളതാണ് പാർട്ടി. എവിടെയെങ്കിലും ഒരിടത്ത് മുസ്‌ലിംലീഗിനോട് ഒരാൾ നോ പറഞ്ഞിട്ടുണ്ടെങ്കിൽ അത് എന്തു കൊണ്ട് എന്ന് ചോദിക്കാനും അതു തിരുത്തുവാനുള്ള ഉത്തരവാദിത്വം പാർട്ടിക്കുണ്ട്.' - അദ്ദേഹം ചൂണ്ടിക്കാട്ടി.
പാർട്ടിയുടെ പല ഘടകങ്ങളും ജനകീയമല്ല. പാർട്ടി ഭരണഘടന അവിടെ കിടക്കട്ടേ എന്ന നിലപാട് പറ്റില്ല. ചിലരെ തകർക്കാൻ രാഷ്ട്രീയാതീത സൗഹൃദങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയത്തിൽ ഒരു ഘട്ടം കഴിഞ്ഞാൽ ഡിപ്ലോമാറ്റിക് കോംപ്രമൈസ് നടക്കുന്നുണ്ട്- അദ്ദേഹം ആരോപിച്ചു.