സാമ്പത്തിക പ്രതിസന്ധി; വായ്പ ഒറ്റമൂലിയല്ല, നികുതി പിരിക്കാൻ കർശന പരിശോധനകൾ നടത്തുമെന്ന് ധനമന്ത്രി
കടം+ കടം= കേരളം എന്ന മീഡിയവൺ കാമ്പയിനോടാണ് ധനമന്ത്രിയുടെ പ്രതികരണം
സംസ്ഥാനത്തിന്‍റെ സാമ്പത്തിക ബാധ്യത പരിഹരിക്കാൻ വായ്പയെടുക്കലിനെ ഒറ്റമൂലിയായി കാണുന്നില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. നികുതി പിരിക്കാൻ കർശന പരിശോധനകൾ നടത്തുമെന്നുമ കുടിശികയില്ലാതെ നികുതി പിരിക്കുമെന്നും മന്ത്രി പറഞ്ഞു. മീഡിയവൺ കാമ്പയിനോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും സാമ്പത്തിക പ്രതിസന്ധിയിലാണ്. കോവിഡ് സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ രൂക്ഷമായി. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട നികുതിയിലും കുറവുവന്നു. നമുക്ക് അവകാശമുള്ള വായ്പ മാത്രമാണ് എടുക്കുന്നത്. ജനങ്ങളുടെ അവകാശങ്ങൾ കവരില്ലെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രത്തിന്‍റെ ജി.എസ്.ടി നഷ്ടപരിഹാരം അഞ്ച് വർഷം കൂടി ലഭിക്കണം. ജി.എസ്.ടി കൗണ്‍സിലില്‍ കേരളത്തിന്‍റെ നിലപാടിനെ എല്ലാവരും പിന്തുണച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പെട്രോളിയം വിലവർധനവിൽ കോൺഗ്രസ് മോദിക്കെതിരെ പ്രതികരിക്കുന്നില്ലെന്നും ബാലഗോപാൽ കുറ്റപ്പെടുത്തി. കേന്ദ്രത്തിന്‍റെ കൊള്ളയ്ക്ക് കോണ്‍ഗ്രസും കൂട്ടുനില്‍ക്കുന്നു. കേന്ദ്രനിലപാടിനെക്കുറിച്ച് കോണ്‍ഗ്രസ് എം.പിമാര്‍ പഠിക്കണമെന്നും മന്ത്രി പറഞ്ഞു. അതേസമയം, സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.