കൊച്ചി മെട്രോക്ക് ഇന്ന് ആറാം പിറന്നാള്‍
രണ്ടാം ഘട്ടം കൂടി പൂർത്തിയാകുന്നതോടെ ജനങ്ങൾക്ക് കൊച്ചിയുടെ പ്രധാന മേഖലകളിലേക്കെല്ലാം യാത്രക്കായി മെട്രോ സൌകര്യം ഉപയോഗപ്പെടുത്താം
കൊച്ചി: കൊച്ചി മെട്രോക്ക് ഇന്ന് ആറ് വയസ്. ആറാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി ടിക്കറ്റ് നിരക്കിൽ വലിയ ഇളവുകളാണ് മെട്രോ പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ടാം ഘട്ടം കൂടി പൂർത്തിയാകുന്നതോടെ ജനങ്ങൾക്ക് കൊച്ചിയുടെ പ്രധാന മേഖലകളിലേക്കെല്ലാം യാത്രക്കായി മെട്രോ സൌകര്യം ഉപയോഗപ്പെടുത്താം.
2017 ജൂണ്17 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്തതത്. മലയാളികൾക്ക് പരിചിതമല്ലാത്ത ഗതാഗത സംവിധാനത്തെ കൊച്ചിക്കാർ പൂർണമായും ഏറ്റെടുത്ത് കഴിഞ്ഞു. വിദ്യാർഥികളും ഐടി ജീവനക്കാരും സാധാരണക്കാരുമായി നിരവധിയാളുകളാണ് മെട്രോ യാത്രാ സൌകര്യം ഉപയോഗിക്കുന്നത്.
മേയ് മാസം മാത്രം ശരാശരി 98766 പേരാണ് മെട്രോ യാത്രക്കായി ഉപയോഗിച്ചത്. വാർഷികാഘോഷത്തിന്‍റെ ഭാഗമായി ടിക്കറ്റ് നിരക്കിൽ വലിയ ഇളവാണ് മെട്രോ പ്രഖ്യാപിച്ചിട്ടുള്ളത്. പിറന്നാൾ ദിവസമായ ഇന്ന് 20 രൂപയ്ക്ക് ഏത് സ്റ്റേഷനിലേക്കും യാത്ര ചെയ്യാം. കാക്കനാട്ടേക്കുള്ള രണ്ടാംഘട്ട നിർമാണം കൂടി തുടങ്ങിയതോടെ പ്രതീക്ഷകൾ വാനോളമാണ്. കൊച്ചി മെട്രോയുടെ ഭാഗമായി തുടങ്ങിയ വാട്ടർ മെട്രോയും ജനങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു.