കൊച്ചി മെട്രോ ഗ്രാഫിറ്റി: ഇറ്റാലിയൻ പൗരന്മാരെ അഹമ്മദാബാദിൽ ഇന്ന് ചോദ്യം ചെയ്യും
മുട്ടം യാർഡിലെ സുരക്ഷാ മേഖലയിൽ കടന്നു കയറി ഒരു മണിക്കൂറിലധികം സമയമെടുത്ത് അജ്ഞാതർ വരച്ച് കടന്ന് കളഞ്ഞിട്ടും സിസി ടിവി ദൃശ്യങ്ങൾക്ക് വ്യക്തതയില്ലാത്തതിനാൽ അന്വേഷണം നീളുകയായിരുന്നു
കൊച്ചി മെട്രോയിൽ അതിക്രമിച്ച് കടന്ന് ഗ്രാഫിറ്റി വരച്ച കേസിൽ പ്രതികളെന്ന് സംശയിക്കുന്ന ഇറ്റാലിയൻ പൗരന്മാരെ ഇന്ന് ചോദ്യം ചെയ്യും. കൊച്ചി മെട്രോ സ്റ്റേഷൻ സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാത്രി അഹമ്മദാബാദിൽ എത്തി. അഹമ്മദാബാദ് മെട്രോ ട്രെയിനിൽ ഗ്രാഫിറ്റി വരച്ചതിന് അറസ്റ്റിലായവർ തന്നെയാണോ കൊച്ചി മെട്രോയിൽ പെയിന്റ് ചെയ്തതെന്നാണ് അന്വേഷിക്കുന്നത്
അഹമ്മദാബാദ് അപ്പാരൽ പാർക്ക് സ്റ്റേഷനിലെ മെട്രോയിൽ അതിക്രമിച്ച് കടന്ന് ഗ്രാഫിറ്റി ചെയ്തതിനാണ് നാല് ഇറ്റാലിയൻ പൗരന്മാർ അറസ്റ്റിലായത്. ഇവർക്ക് മുട്ടം യാർഡിലെ ട്രെയിനിൽ എഴുതിയ സംഭവത്തിൽ പങ്കാളിത്തമുണ്ടോയെന്നാണ് കണ്ടെത്തേണ്ടത്. ലോകത്തിലെ വിവിധ നഗരങ്ങളിൽ അപ്രതീക്ഷിതമായി അക്ഷര ചിത്രങ്ങൾ വരച്ച് കടന്നു കളയുന്ന റെയിൽ ഗൂൺസ് എന്ന സംഘത്തിൽ ഉൾപ്പെട്ടവരാണ് അറസ്റ്റിലായവർ.
അറസ്റ്റ് വിവരം അറിഞ്ഞതിന് പിന്നാലെ കൊച്ചിയിൽ നിന്ന് മെട്രോ പൊലീസ് അഹമ്മദാബാദിലേക്ക് തിരിച്ചിരുന്നു. ഇന്ന് ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി ചെയ്തതും ഇവരാണോയെന്നതിൽ വ്യക്തത വരും. പ്ലേ, യുഫോസ്, ബേൺ, ഫസ്റ്റ് ഹിറ്റ് കൊച്ചി എന്നീ വാക്കുകളായിരുന്നു നിർത്തിയിട്ടിരുന്ന കൊച്ചി മെട്രോയുടെ പമ്പയെന്ന ട്രെയിനിൽ സ്‌പ്രേ പെയിന്റ് കൊണ്ട് എഴുതിയത്. ഇതിൽ ഹിറ്റ് കൊച്ചി, ബേൺ എന്നീ വാചകങ്ങൾ ഭീതി വർദ്ധിപ്പിച്ചിരുന്നു. ഇത് ചില സൂചനകളാണെന്ന സംശയവും ഉയർന്നിരുന്നു. മുട്ടം യാർഡിലെ സുരക്ഷാ മേഖലയിൽ കടന്നു കയറി ഒരു മണിക്കൂറിലധികം സമയമെടുത്ത് അജ്ഞാതർ വരച്ച് കടന്ന് കളഞ്ഞിട്ടും സിസി ടിവി ദൃശ്യങ്ങൾക്ക് വ്യക്തതയില്ലാത്തതിനാൽ അന്വേഷണം നീളുകയായിരുന്നു. അറസ്റ്റിലായവരുടെ പങ്കാളിത്തം വ്യക്തമായാൽ കൊച്ചിയിൽ രജിസ്റ്റർ ചെയ്ത കേസിലും അറസ്റ്റ് രേഖപ്പെടുത്തും.
Kochi Metro Graffiti: Italian citizens will be questioned in Ahmedabad today