അച്ഛന്റെ ക്രൂരമർദനമേറ്റ ഒന്നര വയസ്സുകാരിയുടെ സംരക്ഷണം ഏറ്റെടുത്ത് ശിശുക്ഷേമ സമിതി
തലയ്ക്കു ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് തിരുവനന്തപുരം മെഡിക്കൽ കോളേജ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കൊല്ലം: കൊല്ലം കുറുവൻപാലത്ത് അച്ഛന്റെ ക്രൂരമർദനമേറ്റ ഒന്നര വയസ്സുകാരിയുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുത്തു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കൽ കോളേജ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് മദ്യലഹരിയിലാണ് അച്ഛൻ മുരുകൻ കുഞ്ഞിനെ എടുത്തെറിഞ്ഞത്.
കുഞ്ഞിനെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടു വരുന്നതായും അപകട നില തരണം ചെയ്തതിനാൽ വെന്റിലേറ്ററിൽ നിന്ന് മാറ്റിയതായി ആശുപത്രി അധികൃതർ അറിയിച്ചു. മാതാപിതാക്കൾ കുഞ്ഞിനെ ശ്രദ്ധിക്കുന്നില്ലെന്നും കൃത്യമായി ഭക്ഷണം നൽകുന്നില്ലെന്ന നാട്ടുകാർ പറഞ്ഞതിനെ മുൻ നിർത്തിയാണ് ശിശുക്ഷേമ സമിതി കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തത്. മുരുകനെ റിമാഡ് ചെയ്തിട്ടുണ്ട്. അമ്മയെ നിലവിൽ അറസ്റ്റ് ചെയ്തിട്ടില്ല.
കൊല്ലം കുറവൻപാലത്തെ വാടക വീട്ടിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളാണ് കുഞ്ഞിനെ മദ്യലഹരിയിൽ വലിച്ചറിഞ്ഞത്. ഇരുവരും വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ അടുത്തേക്ക് വന്ന ഒന്നര വയസുള്ള കുഞ്ഞിനെ അച്ഛൻ മുരുഖൻ വീടിന് പുറത്തേക്ക് എറിയുകയായിരുന്നു. കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്.