കോൺക്രീറ്റ് കമ്പികൾ പുറത്തെത്തി, സ്ലാബുകൾ പൊട്ടി; അറ്റകുറ്റപ്പണികൾക്കായി കോഴിക്കോട് സി.എച്ച് മേൽപ്പാലം അടയ്ക്കും
ഗതാഗത ക്രമീകരണത്തിൻറെ ഭാഗമായി നഗരത്തിലെ ചില റോഡുകൾ വൺവെ ആക്കുന്നതിനെതിരെ വ്യാപാരികൾ തിങ്കളാഴ്ച കടകളടച്ചിട്ട് പ്രതിഷേധിക്കും
കോഴിക്കോട്: കോഴിക്കോട് സി.എച്ച് മേൽപ്പാലം ചൊവ്വാഴ്ച മുതൽ അടച്ചിടും. അറ്റകുറ്റപണികൾക്കായാണ് അടച്ചിടുന്നത്. ഗതാഗത ക്രമീകരണത്തിൻറെ ഭാഗമായി നഗരത്തിലെ ചില റോഡുകൾ വൺവെ ആക്കുന്നതിനെതിരെ വ്യാപാരികൾ തിങ്കളാഴ്ച കടകളടച്ചിട്ട് പ്രതിഷേധിക്കും.
40 വർഷം പഴക്കമുണ്ട് സി എച്ച് മേൽപ്പാലത്തിന്. കാലപഴക്കത്തിൽ മേൽപ്പാലത്തിൻറെ കൈവരികളുടെ കോൺക്രീറ്റ് കമ്പികൾ പലയിടത്തും പുറത്തെത്തി. ഫുട്പാത്തിലെ സ്ലാബുകൾ പൊട്ടി. ആ സാഹചര്യത്തിലാണ് പാലത്തിൽ അറ്റകുറ്റ പണി നടത്തുന്നത്. ഇതിനായി പാലത്തിനടിയിലെ കെട്ടിടങ്ങളെല്ലാം ഒഴിപ്പിച്ച് ബലപ്പെടുത്തുന്ന പണിയിലേക്ക് കടന്നിട്ടുണ്ട്. പാലത്തിലെ ഗതാഗതം പൂർണ്ണമായും നിർത്തിയാൽ മാത്രമേ മറ്റ് പണികൾ നടക്കൂ. അതിനായാണ് പാലം അടച്ചിടുന്നത്. നഗരത്തിൽ ഗതാഗത നിയന്ത്രണം കൊണ്ട് വരും. ബീച്ചാശുപത്രിയിലേക്കും കോടതി, കോർപ്പറേഷൻ ബീച്ച് എന്നിവിടങ്ങളിലേക്ക് പോകുന്നത് ഈ പാലം വഴിയാണ്. ആദ്യ ദിവസങ്ങളിൽ ഗതാഗത നിയന്ത്രണത്തിനായി കൂടുതൽ പോലീസുകാരെ നിയോഗിക്കും. മാറി പോകേണ്ട വഴി വ്യക്തമാക്കുന്ന തരത്തിലുള്ള ബോർഡുകളും വെയ്ക്കും.
മേലേപാളയം റോഡ് വൺ വെ ആയി ക്രമീകരിച്ചാണ് ഗതാഗത നിയന്ത്രണം കൊണ്ട് വരുന്നത്. ഇതിനെതിരെയാണ് വ്യാപാരികളുടെ പ്രതിഷേധം. വ്യാപാരി വ്യവസായി ഏകോപന സമിതി. ചൊവ്വാഴ്ച്ച മുതൽ രണ്ട് മാസത്തേക്കാണ് സി എച്ച് മേൽപ്പാലം അടച്ചിടുക. ഇതിനുള്ളിൽ പണി പൂർത്തിയാക്കുകയാണ് ലക്ഷ്യം.