‌‌‌'ബിജെപിയെ പ്രീണിപ്പിച്ച് പിടിച്ചുനിൽക്കാനുള്ള അടവ്, വെള്ളാപ്പള്ളി ഏറ്റവും വലിയ അവസരവാദി'; മലപ്പുറത്തിനെതിരായ വിദ്വേഷ പരാമർശത്തിൽ കെ.പി.എ മജീദ്

'കേസുകളിൽനിന്ന് രക്ഷപ്പെടാൻ അവസരം പോലെ ബിജെപിയെയും സിപിഎമ്മിനെയും പ്രീണിപ്പിക്കാൻ യാതൊരു മടിയുമില്ലാത്ത വ്യക്തിയാണ് വെള്ളാപ്പള്ളി'

Update: 2025-04-05 12:29 GMT
KPA Majeed MLA Against Vellappalli Nadesan in Hate Speech Against Malappuram
AddThis Website Tools
Advertising

മലപ്പുറം: മലപ്പുറത്തിനെതിരെ വിദ്വേഷ പരാമർശം നടത്തിയ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേഷനെതിരെ മുസ്‌ലിം ലീഗ് നേതാവും എംഎൽഎയുമായ കെ.പി.എ മജീദ്. ബിജെപിയെ പ്രീണിപ്പിച്ച് പിടിച്ചുനിൽക്കാനുള്ള അടവ് എന്നല്ലാതെ ഈ വിഷനാവിനെക്കുറിച്ച് മറ്റൊന്നും പറയാനാകില്ലെന്നും കേരളം കണ്ട ഏറ്റവും വലിയ അവസരവാദിയുടെ പേരാണ് വെള്ളാപ്പള്ളി നടേശനെന്നും കെ.പി.എ മജീദ് പ്രതികരിച്ചു.

കേസുകളിൽനിന്ന് രക്ഷപ്പെടാൻ അവസരം പോലെ ബിജെപിയെയും സിപിഎമ്മിനെയും പ്രീണിപ്പിക്കാൻ യാതൊരു മടിയുമില്ലാത്ത വ്യക്തിയാണ് വെള്ളാപ്പള്ളിയെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചു. 'ഇത്രയേറെ സ്‌നേഹവും സാഹോദര്യവുമുള്ള മറ്റൊരു ജില്ല ഇന്ത്യാ രാജ്യത്തില്ല എന്നാണ്, 1985 മുതൽ 1987 വരെ മലപ്പുറം ജില്ലാ കലക്ടറായിരുന്ന പശ്ചിമ ബംഗാൾ സ്വദേശി സയൻ ചാറ്റർജി ഐഎഎസ് മലപ്പുറം ജില്ലയിൽനിന്ന് മടങ്ങുമ്പോൾ പറഞ്ഞത്. കവി മണമ്പൂർ രാജൻ ബാബു തിരുവനന്തപുരത്തുകാരനാണ്. മലപ്പുറത്തോടുള്ള ഇഷ്ടം കൊണ്ടാണ് അദ്ദേഹം ജോലിയിൽനിന്ന് വിരമിച്ചിട്ടും മലപ്പുറത്ത് സ്ഥിരതാമസമാക്കിയത്'- മജീദ് വ്യക്തമാക്കി.

ജോലിയിൽനിന്ന് പിരിഞ്ഞിട്ടും മലപ്പുറം വിടാൻ മടിച്ച് ഈ ജില്ലയിൽത്തന്നെ ശിഷ്ടകാലം ജീവിക്കുന്ന നൂറുകണക്കിന് പേരുണ്ട്. മലപ്പുറത്തെക്കുറിച്ച് വിഷം തുപ്പുന്നതിന് മുമ്പ് വെള്ളാപ്പള്ളിക്ക് മലപ്പുറത്തെ എസ്എൻഡിപിക്കാരോടെങ്കിലും ചോദിക്കാമായിരുന്നു. സാമാന്യബുദ്ധിയുള്ള ഒരു മലപ്പുറത്തുകാരനും നിങ്ങളെപ്പോലെ സംസാരിക്കില്ല. വെള്ളാപ്പള്ളിയുടെ പ്രശ്‌നം സാമാന്യബുദ്ധിയുടേതല്ല എന്ന് മലയാളികൾക്ക് അറിയാമെന്നും കെ.പി.എ മജീദ് കൂട്ടിച്ചേർത്തു. 

മലപ്പുറം പ്രത്യേക രാജ്യവും ചില പ്രത്യേക ആളുകളുടെ സംസ്ഥാനവുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസ്താവന. ചുങ്കത്തറയിൽ നടന്ന എസ്എൻഡിപി യോഗം നിലമ്പൂർ യൂണിയൻ കൺവെൻഷനിലായിരുന്നു വിദ്വേഷ പ്രസംഗം.

'നിങ്ങൾ പ്രത്യേക രാജ്യത്തിനിടയിൽ എല്ലാ തിക്കും നോട്ടവും ഒക്കെ പേടിച്ച് ഭയന്ന് ജീവിക്കുന്നവരാണ്. സ്വതന്ത്രമായ ഒരു അഭിപ്രായം പറഞ്ഞുപോലും ജീവിക്കാൻ സാധിക്കുന്നില്ല. മലപ്പുറം ഒരു പ്രത്യേക രാജ്യമാണ്. ചില പ്രത്യേക ആളുകളുടെ സംസ്ഥാനമാണ്. അതുകൊണ്ട് തന്നെ എന്തുപറ്റി. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് ഇത്ര നാളായിട്ട് പോലും സ്വാതന്ത്ര്യത്തിന്‍റെ ഗുണഫലങ്ങളുടെ അംശം പോലും പിന്നാക്ക വിഭാഗങ്ങൾക്ക് മലപ്പുറത്ത് ലഭിച്ചിട്ടുണ്ടോ? നിങ്ങൾക്ക് പഠിക്കാൻ മലപ്പുറത്ത് കുടിപ്പള്ളിക്കൂടമെങ്കിലും തരുന്നുന്നുണ്ടോ. തൊഴിലുറപ്പിൽ വളരെ പ്രാതിനിധ്യമുണ്ട്, ബാക്കിയെന്തിലാണ് പ്രാതിനിധ്യം? ഒരു കോളജുണ്ടോ? ഹയര്‍സെക്കന്‍ഡറി സ്കൂളുണ്ടോ... എന്താണ് നമുക്ക് മലപ്പുറത്തുള്ളത്? എല്ലാവര്‍ക്കും വോട്ട് കൊടുക്കാൻ മാത്രം വിധിക്കപ്പെട്ടവരാണ്. വോട്ടുകുത്തി യന്ത്രങ്ങൾ. വോട്ടും മേടിച്ച് പോയാൽ ആലുവ മണപ്പുറത്ത് വച്ച കണ്ട പരിചയം പോലും കാണിക്കാറില്ല'- വെള്ളാപ്പള്ളി പറഞ്ഞു.

വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശത്തിൽ യൂത്ത് ലീഗ്. യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് യു.എ റസാക്ക് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. പിഡിപി നേതാവ് അഷ്റഫ് വാഴക്കാല തൃക്കാക്കര എ.സിപിക്കും പരാതി നല്‍കി. പ്രസംഗം കൃത്യമായ വർഗീയ വിഭജനം ലക്ഷ്യം വച്ചുള്ളതെന്ന് ചൂണ്ടിക്കാട്ടി എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിയും പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.

കെ.പി.എ മജീദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

1985 മുതൽ 1987 വരെ മലപ്പുറം ജില്ലാ കലക്ടറായിരുന്നു പശ്ചിമ ബംഗാൾ സ്വദേശിയായ സയൻ ചാറ്റർജി ഐ.എ.എസ്. ഇത്രയേറെ സ്‌നേഹവും സാഹോദര്യവുമുള്ള മറ്റൊരു ജില്ല ഇന്ത്യാ രാജ്യത്തില്ല എന്നാണ് അദ്ദേഹം മലപ്പുറം ജില്ലയിൽനിന്ന് മടങ്ങുമ്പോൾ പറഞ്ഞത്.

കവി മണമ്പൂർ രാജൻ ബാബു തിരുവനന്തപുരത്തുകാരനാണ്. മലപ്പുറത്തോടുള്ള ഇഷ്ടം കൊണ്ടാണ് അദ്ദേഹം ജോലിയിൽനിന്ന് വിരമിച്ചിട്ടും മലപ്പുറത്ത് സ്ഥിരതാമസമാക്കിയത്. 1976 മുതൽ അദ്ദേഹം മലപ്പുറത്തുകാരനാണ്. '' മലപ്പുറത്തിന്റെ സവിശേഷമായ സ്‌നേഹമാണ് എന്നെ മലപ്പുറത്ത് തന്നെ നിലനിർത്തിയത്. എന്റെ നാട്ടുകാർ എന്നെ തിരിച്ച് കൊണ്ടുവരാൻ യോഗം ചേർന്നിട്ട് പോലും ഞാൻ മലപ്പുറം വിടാത്തത് ഈ നാടിന്റെ സ്‌നേഹം അനുഭവിച്ച് തന്നെ ജീവിച്ച് മരിക്കാനാണ്''. ഇത് മണമ്പൂർ രാജൻ ബാബുവിന്റെ വാക്കുകളാണ്.

ഇങ്ങനെ എത്രയെത്ര ഉദ്യോഗസ്ഥർ, അധ്യാപകർ... 

ജോലിയിൽനിന്ന് പിരിഞ്ഞിട്ടും മലപ്പുറം വിടാൻ മടിച്ച് ഈ ജില്ലയിൽത്തന്നെ ശിഷ്ടകാലം ജീവിക്കുന്ന നൂറുകണക്കിന് പേർ.

മലപ്പുറത്തെക്കുറിച്ച് വിഷം തുപ്പുന്നതിന് മുമ്പ് വെള്ളാപ്പള്ളിക്ക് മലപ്പുറത്തെ എസ്.എൻ.ഡി.പിക്കാരോടെങ്കിലും ചോദിക്കാമായിരുന്നു. സാമാന്യബുദ്ധിയുള്ള ഒരു മലപ്പുറത്തുകാരനും നിങ്ങളെപ്പോലെ സംസാരിക്കില്ല.

നിങ്ങളുടെ പ്രശ്‌നം സാമാന്യബുദ്ധിയുടേതല്ല എന്ന് മലയാളികൾക്ക് അറിയാം.

ബി.ജെ.പിയെ പ്രീണിപ്പിച്ച് പിടിച്ചുനിൽക്കാനുള്ള അടവ് എന്നല്ലാതെ ഈ വിഷനാവിനെക്കുറിച്ച് മറ്റൊന്നും പറയാനാകില്ല.

കേസുകളിൽനിന്ന് രക്ഷപ്പെടാൻ അവസരം പോലെ ബി.ജെ.പിയെയും സി.പി.എമ്മിനെയും പ്രീണിപ്പിക്കാൻ യാതൊരു മടിയുമില്ലാത്ത വ്യക്തിയാണ് വെള്ളാപ്പള്ളി.

കേരളം കണ്ട ഏറ്റവും വലിയ അവസരവാദിയുടെ പേരാണ് വെള്ളാപ്പള്ളി നടേശൻ..!


Full View






Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News