'കെ.പി.സി.സി ആസ്ഥാനം പോലും കോക്കസ് കേന്ദ്രമായി മാറുന്നു'; ഭാരവാഹി യോഗത്തിൽ വിമർശനം
കെ.പി.സി.സി ആസ്ഥാനം പോലും ഒരു കോക്കസ് കേന്ദ്രമായി മാറുന്നുവെന്ന സംശയം യോഗത്തിൽ പ്രതിപക്ഷ നേതാവ് തന്നെ പ്രകടിപ്പിച്ചു.
തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹി യോഗത്തിൽ നേതൃത്വത്തിന് കടുത്ത വിമർശനം. കെ.പി.സി.സി ആസ്ഥാനം പോലും ഒരു കോക്കസ് കേന്ദ്രമായി മാറുന്നുവെന്ന സംശയം യോഗത്തിൽ പ്രതിപക്ഷ നേതാവ് തന്നെ പ്രകടിപ്പിച്ചു. മാനദണ്ഡം പാലിക്കാതെ ഭാരവാഹികളെ നിയമിച്ചാൽ അംഗീകരിക്കില്ലെന്ന് ചില നേതാക്കൾ യോഗത്തിൽ മുന്നറിയിപ്പ് നൽകി.
കെ.പി.സി.സി ചിന്തൻ ശിബിരിന് മുന്നോടിയായി ചേർന്ന ഭാരവാഹികളുടേയും ഡി.സി.സി പ്രസിഡൻ്റുമാരുടേയും യോഗത്തിലാണ് നേതൃത്വത്തിന് എതിരായ വിമർശനം ഉയർന്നത് . കെ.പി.സി.സി ആസ്ഥാനം കോക്കസായി മാറുന്നതിന് തടയിട്ടില്ലെങ്കിൽ കെ.പി.സി.സി പ്രസിഡൻ്റിന് കൂടി ക്ഷീണമാകുമെന്നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ വിമർശനം. കെ സുധാകരൻ കെ.പി.സി.സി പ്രസിഡൻ്റായി എത്തിയപ്പോഴുള്ള ആവേശം ഇപ്പോൾ പാർട്ടിയിൽ ഇല്ലെന്ന് ചില നേതാക്കൾ ചൂണ്ടികാട്ടി. താഴെ തട്ടിലെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന വിമർശനം ശരിവെച്ച നേതൃത്വം ചിന്തൻ ശിബിരിൽ ഇത് മറികടക്കാൻ പദ്ധതി തയ്യാറാക്കാമെന്നും അറിയിച്ചു.
ഭാരവാഹി പ്രഖ്യാപനം നീളുന്നതിലെ അതൃപ്തിയും യോഗത്തിൽ ഉയർന്നു. മാനദണ്ഡം ലംഘിക്കുന്നത് അംഗീകരിക്കാനാവില്ല.സംഘടനാ രംഗത്ത് സജീവമായവരെയും പ്രാദേശിക തലത്തിൽ മികവ് കാട്ടുന്നവരേയും നേതൃത്വത്തിലേക്ക് പരിഗണിക്കണം. അല്ലാതെ നേതാക്കൾക്ക് ഒപ്പം നിൽക്കുന്നവരെ കുത്തിനിറയ്ക്കരുതെന്നും ആവശ്യം ഉയർന്നു. മണ്ഡലത്തിലെ പ്രവർത്തകയായിട്ടും തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ തന്റെ പേര് പരിഗണിക്കാത്തതിൽ ദീപ്തി മേരി വർഗീസ് നേതൃത്വത്തെ അതൃപ്തി അറിയിച്ചു. കോഴിക്കോട് നടക്കുന്ന ചിന്തൻ ശിബിരിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് 5 കമ്മറ്റികൾക്കും യോഗം രൂപം നൽകി.