കെപിസിസി പുനസംഘടന അശോക് ചവാൻ റിപ്പോർട്ട് ലഭിച്ച ശേഷമെന്ന് ഹൈക്കമാന്‍ഡ്: മാറ്റം വേഗത്തിൽ വേണമെന്ന് മുല്ലപ്പള്ളി

കെ.പി.സി.സി അധ്യക്ഷനെ മാത്രം മാറ്റിയാൽ പോരെന്നും അടിമുടി അഴിച്ചു പണി വേണമെന്നും യുവനേതാക്കള്‍

Update: 2021-05-23 02:25 GMT
By : Web Desk
കെപിസിസി പുനസംഘടന അശോക് ചവാൻ റിപ്പോർട്ട് ലഭിച്ച ശേഷമെന്ന് ഹൈക്കമാന്‍ഡ്: മാറ്റം വേഗത്തിൽ വേണമെന്ന് മുല്ലപ്പള്ളി
AddThis Website Tools
Advertising

കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവി പഠിക്കുന്ന അശോക് ചവാൻ സമിതി റിപ്പോർട്ട് ലഭിച്ച ശേഷം കെ.പി.സി.സി പുനസംഘടനയിലേക്ക് കടന്നാൽ മതിയെന്ന് ഹൈക്കമാൻ്റ് തീരുമാനം. എന്നാൽ മാറ്റം വേഗത്തിൽ വേണമെന്ന നിലപാടിലാണ് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. തോൽവിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് ഒഴിയാൻ തയ്യാറാണെന്ന് മുല്ലപ്പള്ളി വീണ്ടും ഹൈക്കമാൻഡിനെ അറിയിച്ചു.

പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ചതിന് പിന്നാലെ പാർട്ടിയിലും മാറ്റങ്ങൾ വേഗത്തിൽ വേണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ ഹൈക്കമാൻ്റ് അഞ്ചംഗ സമിതിയെ നിയോഗിച്ചിരുന്നു. അശോക് ചവാൻ്റെ നേതൃത്വത്തിലുള്ള ഈ സമിതിയുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് ഹൈക്കമാൻ്റ്.

ലോക്ഡൗൺ സാഹചര്യത്തിൽ നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ സമിതിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. സ്ഥാനാർഥികളിൽ നിന്നുള്ള വിവരശേഖരണവും തുടങ്ങിയിട്ടില്ല. അതിനാൽ റിപ്പോർട്ട് സമർപ്പിക്കാൻ ഇനിയും സമയമെടുക്കും. റിപ്പോർട്ട് സമർപ്പിച്ച് കഴിഞ്ഞാൽ അതിൻ്റെ അടിസ്ഥാനത്തിൽ കെ.പി.സി.സി പുനസംഘടനയിലേക്ക് കടക്കാനാണ് ഹൈക്കമാൻ്റ് നീക്കം.

എന്നാൽ പുനസംഘടന വേഗത്തിൽ വേണമെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒഴിയാനുള്ള സന്നദ്ധത രണ്ടാം വട്ടവും ഹൈക്കമാൻ്റിനെ അറിയിച്ചു കഴിഞ്ഞു മുല്ലപ്പള്ളി.സോണിയാ ഗാന്ധിക്ക് നൽകിയ കത്തിൽ പുതിയ സംവിധാനം വേഗത്തിൽ വേണമെന്ന നിർദേശവും മുന്നോട്ട് വെയ്ക്കുന്നു.  എന്നാൽ കെ.പി.സി.സി അധ്യക്ഷനെ മാത്രം മാറ്റിയാൽ പോരെന്നും അടിമുടി അഴിച്ചു പണി വേണമെന്നുമാണ് യുവനേതാക്കളുടെ ആവശ്യം.

Tags:    

By - Web Desk

contributor

Similar News