ജീവനക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി കെ.എസ്.ആര്‍.ടി.സി
ബസുകള്‍ തടഞ്ഞു നിര്‍ത്തി ജീവനക്കാരെ മര്‍ദിക്കുന്നതും ബസ് കേടുവരുത്തുന്നതുമായ സംഭവങ്ങള്‍ ഇനി ഒത്തുതീര്‍പ്പാക്കണ്ടെന്ന് സി.എം.ഡി ബിജു പ്രഭാകര്‍ ഉത്തരവിറക്കി
തിരുവനന്തപുരം: ജീവനക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി കെ.എസ്.ആര്‍.ടി.സി. സര്‍വീസിനിടെ ബസുകള്‍ തടഞ്ഞു നിര്‍ത്തി ജീവനക്കാരെ മര്‍ദിക്കുന്നതും ബസ് കേടുവരുത്തുന്നതുമായ സംഭവങ്ങള്‍ ഇനി ഒത്തുതീര്‍പ്പാക്കണ്ടെന്ന് സി.എം.ഡി ബിജു പ്രഭാകര്‍ ഉത്തരവിറക്കി. അക്രമങ്ങളില്‍ പോലീസിനെ കൊണ്ട് കേസെടുപ്പിച്ച് നിയമനടപടി സ്വീകരിക്കണമെന്നാണ് നിര്‍ദേശം.
ഈ മാസം മാത്രം നാലു അക്രമങ്ങളാണ് ജീവനക്കാര്‍ക്കെതിരെ ഉണ്ടായത്. തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് ബസ് തടഞ്ഞു നിര്‍ത്തി കണ്ടക്ടറുടെ മൂക്കിന്‍റെ പാലം ഇടിക്കട്ട കൊണ്ട് ഇടിച്ചു തകര്‍ത്തു. പാപ്പനംകോട് യാത്രക്കാരന്‍ കണ്ടക്ടറെ ഇടിച്ചവശനാക്കി. കൊല്ലത്ത് മദ്യപിച്ചെത്തിയ ആള്‍ ബസിന്‍റെ ചില്ലടിച്ചുപൊട്ടിച്ചു. ഡ്യൂട്ടിക്കിടെ ജീവനക്കാരെ മര്‍ദിക്കുന്നത് 5 വര്‍ഷം വരെ തടവും പിഴയും ലഭിക്കുന്ന കുറ്റമാണ്. ഇതില്‍ നിയമ നടപടിയുമായി മുന്നോട്ടുപോകാന്‍ അതാത് യൂണിറ്റ് ഓഫീസര്‍മാര്‍ നടപടിയെടുക്കണമെന്നാണ് നിര്‍ദേശം.
കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നതു വഴി കുറ്റം അധികരിക്കുന്നതിന് കാരണമായതായി മാനേജ്മെന്‍റ് വിലയിരുത്തി. ഒപ്പം പൊതുസമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുന്നതുമാണെന്ന് ഉത്തരവില്‍ പറയുന്നു.