''എന്റെ പപ്പയെ അടിക്കല്ലേ... അവൾ കരഞ്ഞു പറഞ്ഞിട്ടും അവർ കേട്ടില്ല''- മർദനത്തിന് ഇരയായ പ്രേമൻ പറയുന്നു

''കെ.എസ്.ആർ.ടി.സിയുടെ പ്രതിസന്ധിക്ക് കാരണം ഇത്തരത്തിലുള്ള ജീവനക്കാരാണെന്ന് ഞാൻ അബദ്ധവശാൽ പറഞ്ഞു പോയി''

Update: 2022-09-20 11:24 GMT
Advertising

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർ ക്രിമിനലുകളോട് പെരുമാറുന്നത് പോലെയാണ് തന്നോട് പെരുമാറിയതെന്ന് കാട്ടാക്കടയിൽ മർദനത്തിനിരയായ പ്രേമൻ. ഡിപ്പോയിലെ സെക്യൂരിറ്റി ജീവനക്കാരൻ ഉൾപെടെ നാലോളം പേർ തന്നെ വലിച്ചിഴച്ച് കൊണ്ട് പോയി മർദിക്കുകയും ക്രിമിനലുകളോട് പെരുമാറുന്നത് പോലെ പതിനഞ്ച് മിനിട്ടോളം ബന്ധിയാക്കിയെന്നും പ്രേമൻ പറയുന്നു.

''മൂന്ന് വർഷത്തെ കോഴ്‌സിന് പഠിക്കുന്ന ഒരു കുഞ്ഞിന്റെ സർട്ടിഫിക്കറ്റ് മൂന്നുമാസം കൂടുമ്പോൾ എന്തിനാണ് ആവശ്യപ്പെടുന്നതെന്ന് ഞാൻ ചോദിച്ചു. ഇത് തങ്ങളുടെ നിയമമാണ് എന്നായിരുന്നു അവരുടെ മറുപടി. ഇപ്പോൾ പരീക്ഷയാണ്, പരീക്ഷ കഴിഞ്ഞതിനുശേഷം സർട്ടിഫിക്കറ്റ് കൊണ്ടുവരാം. തൽക്കാലം കൺസഷൻ തരാൻ മാർഗമുണ്ടോ എന്ന് ചോദിച്ചപ്പോൾ 'ഇല്ല' എന്നായിരുന്നു അവരുടെ മറുപടി. ആ സമയം കെ.എസ്.ആർ.ടി.സിയുടെ പ്രതിസന്ധിക്ക് കാരണം ഇത്തരത്തിലുള്ള ജീവനക്കാരാണെന്ന് ഞാൻ അബദ്ധവശാൽ പറഞ്ഞു പോയി. തുടർന്ന് തൊട്ടടുത്തുള്ള ആൾ കെഎസ്ആർടിസിയുടെ കാര്യം നിങ്ങളറിയേണ്ടതില്ല എന്ന് പറഞ്ഞ് മോശമായി പെരുമാറി. മകളെയും കൂട്ടി തിരിച്ചുപോകാനൊരുങ്ങുമ്പോൾ അവിടെത്തെ സെക്യൂരിറ്റി വന്ന് കയ്യിൽ പിടിക്കുകയും നീയങ്ങനെ പോകണ്ട എന്ന് പറയുകയും ചെയ്തു. പിന്നീട് മൂന്ന് ജീവനാക്കാരും കൂടിവന്ന് എന്നെ അകത്തേ കാബിനിലേക്ക് തള്ളിമാറ്റി ക്രൂരമായി മർദിക്കുകയായിരുന്നു''- പ്രേമൻ പറഞ്ഞു.

എന്റെ പപ്പയെ അടിക്കല്ലെ.. നിങ്ങളെന്റെ പപ്പയെ അടിക്കല്ലേ എന്ന മകൾ കരഞ്ഞു പറയുന്നുണ്ടായിരുന്നു. എന്നിട്ടും അവർ അടി തുടർന്നു. അവിടെ നിന്നിരുന്നവരും ചോദിച്ചു ആ കുട്ടിയുടെ മുന്നിലിട്ട് എന്തിനാ ഇവരെ തല്ലുന്നത് എന്ന്. എന്നിട്ടും പതിനഞ്ച് മിനിട്ടോളം അവർ ബന്ധിയാക്കിയെന്ന് പ്രേമന്‍ പറഞ്ഞു. ഇതിനിടയിൽ തന്റെ മകളെയും മർദിക്കുന്ന സാഹചര്യം ഉണ്ടായെന്ന് അദ്ദേഹം പറയുന്നു.

പിന്നീട് പൊലീസ് വന്നതിന് ശേഷം ആശുപത്രിയിൽ പോകണമെന്ന് കെഞ്ചി പറഞ്ഞെന്നും മകളെ പരീക്ഷക്ക് പറഞ്ഞയച്ചതിന് ശേഷം അതേ ഓട്ടോയിൽ തന്നെ ആശുപത്രിയിലേക്ക് പോവുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Full View

കാട്ടാക്കട സ്വദേശി പ്രേമനെയാണ് മകളുടെയും സുഹൃത്തിന്റെയും മുന്നിൽ വെച്ച് കെഎസ്ആർടിസി ജീവനക്കാർ മർദിച്ചത്. രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയുടെ കൺസഷന് കാൾ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് ജീവനക്കാർ പറയുകയായിരുന്നു. തുടർന്ന് സർട്ടിഫിക്കറ്റ് നാളെ ഹാജരാക്കാമെന്നും സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നും പ്രമനൻ അഭ്യർത്ഥിക്കുകയായിരുന്നു. തുടർന്നാണ് ജീവനക്കാർ ഇദ്ദേഹത്തെ തൊട്ടടുത്ത റൂമിലേക്ക് വലിച്ചു കൊണ്ടുപോയി മർദ്ദിച്ചത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News