വീട്ടുപടിക്കൽ ബസ്; തലസ്ഥാനത്ത് കെ.എസ്.ആർ.ടി.സി ഫീഡർ സർവീസുകൾക്ക് തുടക്കം
തിരുവനന്തപുരം വട്ടിയൂർക്കാവ് മണ്ഡലത്തിലാണ് സംസ്ഥാനത്തെ ആദ്യ ഫീഡർ സർവീസ് ബസുകൾ ഓടിത്തുടങ്ങിയത്
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ കെ.എസ്.ആർ.ടി.സിയുടെ ഫീഡർ സർവീസുകൾക്ക് തുടക്കമായി. വീട്ടുപടിക്കൽ ബസ് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഗതാഗത മന്ത്രി ബസുകൾ ഫ്ളാഗ് ഓഫ് ചെയ്തു.
തിരുവനന്തപുരം വട്ടിയൂർക്കാവ് മണ്ഡലത്തിലാണ് സംസ്ഥാനത്തെ ആദ്യ ഫീഡർ സർവീസ് ബസുകൾ ഓടിത്തുടങ്ങിയത്. നഗരത്തിലെ ഇടറോഡുകളിലും ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലും താമസിക്കുന്നവരുടെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് സർവീസിന്റെ ലക്ഷ്യം. 7.5 കിലോമീറ്റര്‍ വരുന്ന മൂന്ന് ഫെയര്‍ സ്റ്റേജുകള്‍ക്ക് 10 രൂപ മിനിമം ടിക്കറ്റ് എന്ന നിരക്കിൽ ഫീഡര്‍ സര്‍വീസ് നടത്തും. ഒരു ഡ്രൈവര്‍ കം കണ്ടക്ടര്‍ ആകും ബസില്‍ ഉണ്ടാകുക. ട്രാവൽ കാർഡുകൾ മുഖേന റീ ചാർജ് ചെയ്ത് യാത്ര ചെയ്യാം. അതാത് റെസിഡൻഷ്യൽ അസോസിയേഷനുകളുമായി സഹകരിച്ച് ഈ കാർഡുകൾ വിതരണം ചെയ്യും.
നഗരത്തിൽ നടപ്പിലാക്കി വിജയിച്ച സിറ്റി സർക്കുലർ സർവ്വീസിന് അനുബന്ധമായാണ് ഫീഡർ സർവീസുകളും. ബസിന് ഉള്ളിലും പുറത്തും സിസി ടിവി ക്യാമറ, ഡാഷ് ക്യാമറ എന്നീ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ നവീകരിച്ച രണ്ട് മിനി ബസുകളാണ് ആദ്യം സർവീസ് നടത്തുക.