അവധി കഴിഞ്ഞ് ബിജു പ്രഭാകർ ജോലിയിൽ തിരികെ പ്രവേശിച്ചു
ഗതാഗത മന്ത്രി ഗണേഷ് കുമാറുമായുള്ള അഭിപ്രായ തർക്കങ്ങൾക്കിടെയായിരുന്നു ഫെബ്രുവരി എട്ടിന് ബിജു പ്രഭാകർ അവധിയിൽ പോയത്
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ ഐ.എ.എസ് അവധി കഴിഞ്ഞ് തിരിച്ചെത്തി. സെക്രട്ടേറിയറ്റിലെ ഗതാഗത സെക്രട്ടറിയുടെ ഓഫീസിലെത്തിയാണ് അദ്ദേഹം ജോലിയിൽ തിരികെ പ്രവേശിച്ചത്. ഗതാഗത സെക്രട്ടറി, കെ.എസ്.ആർ.ടി.സി എം.ഡി എന്നീ സ്ഥാനങ്ങളിൽനിന്നു മാറ്റണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയതിനു പിന്നാലെയായിരുന്നു അവധിയിൽ പ്രവേശിച്ചത്.
ഗതാഗത മന്ത്രി ഗണേഷ് കുമാറുമായുള്ള അഭിപ്രായ തർക്കങ്ങൾക്കിടെയായിരുന്നു ഫെബ്രുവരി എട്ടിന് ബിജു പ്രഭാകർ അവധിയിൽ പോയത്. 17 വരെയായിരുന്നു അവധിയെടുത്തത്. ഒഴിച്ചുകൂടാനാകാത്ത വ്യക്തിപരമായ വിഷയമുണ്ടെന്നാണു കാരണമായി പറഞ്ഞിരുന്നത്. വിദേശത്തായിരുന്ന അദ്ദേഹം ജനുവരി 28ന് നാട്ടിൽ തിരിച്ചെത്തിയ ശേഷം ഒരു ദിവസം മാത്രമാണ് കെ.എസ്.ആർ.ടി.സി ഓഫിസിൽ എത്തിയിരുന്നത്. പിന്നീട് ഓഫിസിൽ പോകുകയോ ഫയലുകളിൽ തീരുമാനമെടുക്കുകയോ ചെയ്തിരുന്നില്ല.
ഇതിനു പിന്നാലെയായിരുന്നു ഗതാഗത സെക്രട്ടറി, കെ.എസ്.ആർ.ടി.സി എം.ഡി സ്ഥാനങ്ങളിൽനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയത്. പിന്നാലെ അവധിയിൽ പോകുകയുമായിരുന്നു. കത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
Summary: KSRTC MD Biju Prabhakar IAS returns to work after leave