കേരളവർമ തെരഞ്ഞെടുപ്പ് അട്ടിമറി; മന്ത്രി ആർ.ബിന്ദുവിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച് കെ.എസ്.യു

ജില്ലാ കലക്ടറേറ്റിൽ സ്ഥാപിച്ച നവകേരള സദസിന്റെ ഫ്ലക്സിലാണ് കരിഓയിൽ ഒഴിച്ചത്.

Update: 2023-11-05 10:05 GMT
Advertising

തൃശൂർ: മന്ത്രി ആർ. ബിന്ദുവിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച് കെ.എസ്.യു. ജില്ലാ കലക്ടറേറ്റിൽ സ്ഥാപിച്ച നവകേരള സദസിന്റെ ഫ്ലക്സിലാണ് കരിഓയിൽ ഒഴിച്ചത്. കേരളവർമ തെരഞ്ഞെടുപ്പ് അട്ടിമറിച്ചത് മന്ത്രി ആർ. ബിന്ദുവാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. 

കേരളവർമ കോളജിൽ ടാബുലേഷൻ ഷീറ്റുമായി ബന്ധപ്പെട്ട് ഗുരുതര ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ ആരോപിച്ചു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പുറത്തുവിട്ട ടാബുലേഷൻ ഷീറ്റ് വ്യാജമായി നിർമിച്ചതാണ്. കോളജിലെ അധ്യാപകരുടെ ഒത്താശയോടെയാണ് ഇത് നിർമിച്ചത്. ശ്യാം, പ്രകാശൻ, പ്രമോദ്, നാരായണൻ എന്നീ അധ്യാപകർ ചേർന്നാണ് കൃത്രിമം നടത്തിയത്. എല്ലാവരും കൂടി എണ്ണിയ മാന്വൽ ടാബുലേഷൻ ഷീറ്റ് പുറത്തുവിടാൻ അധികൃതർ തയ്യാറാവണമെന്നും അലോഷ്യസ് സേവിയർ ആവശ്യപ്പെട്ടു. 

നാളെ മുതൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കെ.എസ്.യു പ്രക്ഷോഭം ആരംഭിക്കുമെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ യദുകൃഷ്ണൻ പറഞ്ഞു. 35,000 രൂപയുടെ കണ്ണട വെച്ചിട്ടും ജനാധിപത്യവിരുദ്ധമായ നടപടി കാണാൻ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കഴിയുന്നില്ല. പ്രക്ഷോഭത്തിന്റെ ഭാഗമായി നാളെ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് കെ.എസ്.യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി മാർച്ച് നടത്തും. പ്രശ്‌നത്തിന് പരിഹാരം കാണുന്നത് വരെ മന്ത്രി ആർ. ബിന്ദുവിനെ വഴിയിൽ തടയുമെന്നും കരിങ്കൊടി കാണിക്കുമെന്നും കെ.എസ്.യു നേതാക്കൾ പറഞ്ഞു.

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News