നിയമസഭാ കയ്യാങ്കളി; കവര്‍ച്ചയെ എതിര്‍ത്തതിനാണ് കേസെന്ന് കെ.ടി ജലീല്‍
ബാര്‍കോഴക്കേസില്‍ ആരോപണ വിധേയനായ കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരായ പ്രതിഷേധമാണ് കയ്യാങ്കളിയിലെത്തിയത്. വിചാരണക്കിടെ സര്‍ക്കാര്‍ അഭിഭാഷകന്‍ മാണിയെ അഴിമതിക്കാരനെന്ന് പറഞ്ഞത് വിവാദമായിരുന്നു.
യു.ഡി.എഫ് സര്‍ക്കാരിന്റെ അഴിമതിക്കെതിരെ നടത്തിയ സമരത്തിന്റെ പേരിലാണ് നിയമസഭക്കകത്ത് പ്രക്ഷുബ്ധമായ രംഗങ്ങള്‍ അരങ്ങേറിയതെന്ന് കെ.ടി ജലീല്‍ എം.എല്‍.എ. കേസില്‍ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കട്ടതിനോ കവര്‍ന്നതിനോ അല്ല കവര്‍ച്ചയെ എതിര്‍ത്തതിനാണ് കേസെന്നും ജലീല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
മന്ത്രി ശിവന്‍കുട്ടി, കെ.ടി ജലീല്‍, ഇ.പി ജയരാജന്‍ തുടങ്ങിയവരടക്കം ആറ് പേരാണ് കേസില്‍ പ്രതികള്‍. ഇവര്‍ വിചാരണ നേരിടണമെന്ന് ഇന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി ശിവന്‍കുട്ടി രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ രാജി വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാറും ഇടതുമുന്നണിയും. രാഷ്ട്രീയ സമരത്തിന്റെ ഭാഗമായുള്ള കേസില്‍ വിചാരണ നേരിടുന്നതിന്റെ പേരില്‍ രാജിവേണ്ടെന്നാണ് സി.പി.എം നിലപാട്.
അതേസമയം കെ.എം മാണി അഴിമതിക്കാരനാണെന്ന് ആവര്‍ത്തിക്കുന്നതാണ് കെ.ടി ജലീലിന്റെ നിലപാട്. ബാര്‍കോഴക്കേസില്‍ ആരോപണ വിധേയനായ കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരായ പ്രതിഷേധമാണ് കയ്യാങ്കളിയിലെത്തിയത്. വിചാരണക്കിടെ സര്‍ക്കാര്‍ അഭിഭാഷകന്‍ മാണിയെ അഴിമതിക്കാരനെന്ന് പറഞ്ഞത് വിവാദമായിരുന്നു. ഇപ്പോള്‍ ഇടതുമുന്നണിയിലുള്ള ജോസ് കെ മാണി വിഭാഗത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് പിന്നീട് നിലപാട് തിരുത്തി. ഇപ്പോള്‍ അതേനിലപാട് തന്നെയാണ് കെ.ടി ജലീല്‍ ആവര്‍ത്തിക്കുന്നതെന്നാണ് ആക്ഷേപം.