'സമരം നടത്തുന്നവർ വിദ്യാഭ്യാസ കച്ചവടക്കാർ'; പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സമരക്കാരെ അധിക്ഷേപിച്ച് കെ.ടി ജലീൽ

മുസ്‌ലിം ലീഗിൻറെ കയ്യിൽ കത്തിയും കഴുത്തും ഉണ്ടായിരുന്ന കാലത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ ആരായിരുന്നു തടസ്സമെന്നും ജലീൽ ചോദിച്ചു.

Update: 2024-06-26 10:58 GMT
Advertising

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സമരക്കാരെ അധിക്ഷേപിച്ച് കെ.ടി ജലീൽ എം.എൽ.എ. സമരത്തിന് മുന്നിൽ നിൽക്കുന്ന എല്ലാ സംഘടനകൾക്കും അൺ എയ്ഡഡ് സ്‌കൂളുകൾ ഉണ്ട്. ഒന്നു മുതൽ പത്താം ക്ലാസ് വരെയുള്ള അൺ എയ്ഡഡ് സ്‌കൂളുകളാണ് ഇവർക്കുള്ളത്. പൊതുവിദ്യാഭ്യാസ ക്യാമ്പയിൻ ശക്തിപ്പെടുത്തണമെന്ന് പറഞ്ഞാൽ അതിനിവർ തയ്യാറാകില്ല. ഇത്തവണ പതിനായിരത്തിലധികം കുട്ടികൾ അൺ എയ്ഡഡ് സി.ബി.എസ്.ഇ സ്‌കൂളുകളിൽ നിന്ന് പത്താം ക്ലാസ് പാസായി. ഇതുവരെ കേക്ക് തിന്നു വളർന്നവരാണ് ഈ കുട്ടികൾ. അവരാണ് പതിനൊന്നിലും പന്ത്രണ്ടിലും പഠിക്കാൻ ബ്രഡ് മതി എന്ന് പറയുന്നത്. ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഫീസ് കൊടുത്തു പഠിക്കേണ്ട കാര്യമുണ്ടോയെന്നും ജലീൽ ചോദിച്ചു.

മുസ്‌ലിം ലീഗിൻറെ കയ്യിൽ കത്തിയും കഴുത്തും ഉണ്ടായിരുന്ന കാലത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ ആരായിരുന്നു തടസ്സമെന്നും ജലീൽ ചോദിച്ചു. സ്‌കൂളുകൾ മലബാറിലും മലപ്പുറത്തും മാത്രം കൊടുക്കരുത് എന്ന് പറഞ്ഞത് കോൺഗ്രസാണ്. 2015-16 യു.ഡി.എഫ് സർക്കാരിന്റെ അവസാനകാലത്ത് പ്ലസ്ടുവിന് പ്രവേശനം കിട്ടാത്ത മലപ്പുറത്തെ കുട്ടികളുടെ എണ്ണം 25000ന് മുകളിലായിരുന്നുവെന്നും ജലീൽ പറഞ്ഞു.

മലപ്പുറത്തുള്ള 20 ഓളം സർക്കാർ ഹൈസ്‌കൂളുകൾ ഹയർസെക്കൻഡറി ആക്കി മാറ്റണം. മലപ്പുറത്ത് കൂടുതൽ ബാച്ചുകൾ അനുവദിക്കണമെന്നും ജലീൽ ആവശ്യപ്പെട്ടു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News