കുടുംബശ്രീ-ജെൻഡർ ക്ലബുകൾ: സ്ത്രീയെയും പുരുഷനെയും കൂട്ടിക്കുഴക്കുന്ന ലിബറൽ സംസ്‌കാരത്തിന് കുടപിടിക്കാനാവില്ല-വിസ്ഡം
ഫ്രീ സെക്‌സ് ആഗ്രഹിക്കുന്ന ഒരു ന്യൂനപക്ഷത്തിന്റെ ചിന്താഗതികൾ ധാർമികമായി നിലനിൽക്കാനാഗ്രഹിക്കുന്ന മഹാഭൂരിപക്ഷത്തിന് മുകളിൽ ഔദ്യോഗിക സംവിധാനങ്ങളിലൂടെ അടിച്ചേൽപ്പിക്കാൻ ഒരുകാരണവശാലും അനുവദിക്കരുത്-വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ ടികെ അഷ്‌റഫ്
സ്‌കൂളുകളിലും കോളജുകളിലും ജെൻഡർ ക്ലബുകൾ രൂപീകരിക്കാൻ ജില്ലാ മിഷൻ കോ-ഓർഡിനേറ്ററുടെ കാര്യാലയത്തിൽനിന്ന് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യൂക്കേഷനിലേക്ക് നിർദേശം നൽകിയത് അടുത്ത തലമുറയിൽ ജെൻഡർ ന്യൂട്രൽ എന്ന ആശയം പ്രയോഗതലത്തിൽ വരുത്താനുള്ള ബോധപൂർവമായ നീക്കമാണെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ. ധാർമികമൂല്യങ്ങളെ വെല്ലുവിളിക്കുന്ന ലിബറൽ സമൂഹത്തിന്റെ നിർമിതിയാണ് ഇത്തരം അജണ്ടകൾക്ക് പിന്നിലുള്ളതെന്ന് സംശയിക്കണമെന്ന് വിസ്ഡം ജനറൽ സെക്രട്ടറി ടികെ അഷ്‌റഫ് ഫേസുബുക്ക് കുറിപ്പിൽ പ്രതികരിച്ചു.
ബാലുശ്ശേരി സ്‌കൂളിൽ കൊണ്ടുവന്ന ജെൻഡർ ന്യൂട്രൽ യൂനിഫോം ഈ നീക്കത്തിന്റെ ടെസ്റ്റ് ഡോസാണ്. എതിർപ്പ് വന്നപ്പോൾ സമൂഹം ഇതിന് പാകപ്പെടാത്ത സാഹചര്യത്തിൽ സർക്കാർ അടിച്ചേൽപിക്കില്ലെന്ന് മാത്രമാണ് അധികൃതർ വിശദീകരിച്ചത്. ക്യാമ്പസുകളിൽ 'വേർതിരിവില്ലാത്ത ലോകം' എന്ന കാപ്ഷനിൽ ആൺ-പെൺ സമ്മിശ്രമായ പോസ്റ്ററുകൾ പ്രചരിപ്പിച്ചുകൊണ്ട് കാംപയിൻ സംഘടിപ്പിക്കുന്ന അജണ്ട തന്നെയാണ് കുടുംബശ്രീ മുഖേന ഇളംപ്രായത്തിൽ നടപ്പാക്കുന്നത്. ലിംഗനീതിയാണ് വേണ്ടത്, ലിംഗസമത്വമല്ല. ആണിനെ പെണ്ണാക്കിയും പെണ്ണിനെ ആണാക്കിയുമല്ല പുരോഗമനം കൊണ്ടുവരേണ്ടത്. ധാർമികമൂല്യങ്ങളിൽ വിശ്വസിക്കുന്നവർക്ക് സ്ത്രീയെയും പുരുഷനെയും കൂട്ടിക്കുഴക്കുന്ന ലിബറൽ സംസ്‌കാരത്തിന് കുടപിടിക്കാനാവില്ല-അദ്ദേഹം പറഞ്ഞു.
പാശ്ചാത്യൻ നാടുകൾ ഇത്തരം തലതിരിഞ്ഞ ചിന്താധാരകളെ വാരിപ്പുണർന്നതിന്റെ തിക്തഫലം ഇന്നവർ അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പല രാജ്യങ്ങളും തിരിഞ്ഞുനടക്കാൻ തുടങ്ങിയിരിക്കുന്നു. ഫ്രാൻസിൽ പതിറ്റാണ്ടുകൾക്കുശേഷം ഇൻസെസ്റ്റ് നിരോധിച്ചുകൊണ്ടുള്ള വാർത്ത പുറത്തുവന്നത് കഴിഞ്ഞ ദിവസം കണ്ടു. പാശ്ചാത്യർ ചവച്ചുതുപ്പിയ സംസ്‌കാരത്തെ പുരോഗമനത്തിന്റെ പേരിൽ നടപ്പാക്കിത്തുടങ്ങുകയാണ് നമ്മൾ. ഫ്രീ സെക്‌സ് ആഗ്രഹിക്കുന്ന ഒരു ന്യൂനപക്ഷത്തിന്റെ ചിന്താഗതികൾ ധാർമികമായി നിലനിൽക്കാനാഗ്രഹിക്കുന്ന മഹാഭൂരിപക്ഷത്തിന് മുകളിൽ ഔദ്യോഗിക സംവിധാനങ്ങളിലൂടെ അടിച്ചേൽപ്പിക്കാൻ ഒരുകാരണവശാലും അനുവദിക്കരുതെന്നും ടികെ അഷ്‌റഫ് ആവശ്യപ്പെട്ടു.
ടികെ അഷ്‌റഫിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കുടുംബശ്രീ-ജെൻഡർ ക്ലബുകൾ ലക്ഷ്യം വെയ്ക്കുന്നത്?
കുടുംബശ്രീ - ജെൻഡർ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ലിംഗ വിവേചനമില്ലാത്ത തലമുറയെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ സ്‌കൂളുകളിലും കോളേജുകളിലും ജെൻഡർ ക്ലബുകൾ രൂപീകരിക്കുവാൻ ജില്ലാ മിഷൻ കോ-ഓർഡിനേറ്ററുടെ കാര്യാലയത്തിൽ നിന്നും ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷനിലേക്ക് നിർദ്ദേശം നൽകിയിരിക്കുന്നു..!
അടുത്ത തലമുറയിൽ ജെൻഡർ ന്യൂട്രൽ എന്ന ആശയം പ്രയോഗതലത്തിൽ വരുത്താനുള്ള ബോധപൂർവ്വമായ നീക്കമായിട്ട് മാത്രമെ ഈ നിർദേശത്തെ നിരീക്ഷിക്കാനാവൂ.
ധാർമ്മിക മൂല്യങ്ങളെ വെല്ലുവിളിക്കുന്ന ലിബറൽ സമൂഹത്തിന്റെ നിർമ്മിതിയാണ് ഇത്തരം അജണ്ടകൾക്ക് പിന്നിലുള്ളതെന്ന് സംശയിക്കേണ്ടതാണ്.
ബാലുശ്ശേരി സ്‌കൂളിൽ കൊണ്ടുവന്ന ജെൻഡർ ന്യൂട്രൽ യൂണിഫോം ഈ നീക്കത്തിന്റെ ടെസ്റ്റ് ഡോസാണ്. എതിർപ്പ് വന്നപ്പോൾ സമൂഹം ഇതിന് പാകപ്പെടാത്ത സാഹചര്യത്തിൽ സർക്കാർ അടിച്ചേൽപിക്കില്ലെന്ന് മാത്രമാണ് അധികൃതർ വിശദീകരിച്ചത്.
ക്യാമ്പസുകളിൽ 'വേർതിരിവില്ലാത്ത ലോകം' എന്ന ക്യാപ്ഷനിൽ ആൺ-പെൺ സമ്മിശ്രമായ പോസ്റ്ററുകൾ പ്രചരിപ്പിച്ചുകൊണ്ട് കാമ്പയിൻ സംഘടിപ്പിക്കുന്ന അജണ്ട തന്നെയാണ് കുടുംബശ്രീ മുഖേന ഇളംപ്രായത്തിൽ നടപ്പാക്കുന്നത്.
ലിംഗ സമത്വത്തിൽ അധിഷ്ഠിതമായ ഒരു സമൂഹത്തെ വാർത്തെടുക്കുക, ലിംഗഭേദമില്ലാതെ വിദ്യാർത്ഥികൾക്ക് പഠനം, വിനോദം, സ്‌പോർട്‌സ്, കല, സാഹിത്യം തുടങ്ങിയ മേഖലകളിൽ തുല്യ അവസരങ്ങളും പങ്കാളിത്തവും ഉറപ്പാക്കുക എന്നിവയാണ് സ്‌കൂളുകളിൽ രൂപീകരിക്കുന്ന ഈ ക്ലബ്ബിന്റെ ലക്ഷ്യങ്ങളിൽ ചിലത്.
അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർക്കായുള്ള ജെൻഡർ പരിശീലനങ്ങൾ സംഘടിപ്പിക്കുക, എല്ലാ മേഖലയിലും ലിംഗ വ്യത്യാസമില്ലാതെ തുല്യ അവസരങ്ങൾ ഉപയോഗിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക, കുട്ടികളുടെ ടോക് ഷോകൾ സംഘടിപ്പിക്കുക എന്നിവയാണ് ലക്ഷ്യം നേടാനുള്ള പ്രവർത്തനങ്ങൾ. അധ്യാപകർ എല്ലാവരും ഓരോ ഇടവേള മാറി മാറി ക്ലബ്ബിന്റെ ചുമതല വഹിക്കണമെന്നും നിർദ്ദേശിക്കുന്നുണ്ട്.
മേൽനിർദ്ദേശത്തെ സമൂഹം ഗൗരവമായി നിരീക്ഷിക്കണം. പഠനം, വിനോദം, സ്‌പോർട്‌സ്, കല, സാഹിത്യം തുടങ്ങിയ മേഖലകളിൽ ഇപ്പോൾ തന്നെ സ്‌കൂൾ- കോളേജ് തലങ്ങളിൽ അർഹമായ അവസരങ്ങൾ ഉണ്ടായിരിക്കെ പുതുതായി ലക്ഷ്യം വെയ്ക്കുന്നത് ആൺ- പെൺ അസ്തിത്വം അഴിച്ചെടുക്കലാണന്ന കാര്യം വ്യക്തമാണ്. ജൻഡർ ക്ലബ്ബുകൾ ജൻഡർ ഡിസ്‌ഫോറിയയിലേക്ക് പുതുതലമുറയെ തെളിക്കുകയാണ് ചെയ്യുന്നത്.
ലിംഗനീതിയാണ് നമുക്ക് വേണ്ടത്, ലിംഗസമത്വമല്ല. ആണിനെ പെണ്ണാക്കിയും പെണ്ണിനെ ആണാക്കിയുമല്ല പുരോഗമനം കൊണ്ടുവരേണ്ടത്. ധാർമികമൂല്യങ്ങളിൽ വിശ്വസിക്കുന്നവർക്ക് സ്ത്രീയെയും പുരുഷനെയും കൂട്ടിക്കുഴക്കുന്ന ലിബറൽ സംസ്‌കാരത്തിന് കുടപിടിക്കാനാവില്ല.
പാശ്ചാത്യൻ നാടുകൾ ഇത്തരം തലതിരിഞ്ഞ ചിന്താധാരകളെ വാരിപ്പുണർന്നതിന്റെ തിക്തഫലം ഇന്നവർ അനുഭവിക്കുന്നുണ്ട്. പല രാജ്യങ്ങളും തിരിഞ്ഞ് നടക്കാൻ തുടങ്ങിയിരിക്കുന്നു. ഫ്രാൻസിൽ പതിറ്റാണ്ടുകൾക്ക് ശേഷം ഇൻസെസ്റ്റ് (പ്രായഭേദമെന്യേ പിതാവ്, മാതാവ്, മകൻ, മകൾ എന്നിവരുമായുള്ള ലൈംഗികബന്ധം) നിരോധിച്ചുകൊണ്ടുള്ള വാർത്ത പുറത്ത് വന്നത് കഴിഞ്ഞ ദിവസം നാം കണ്ടു. ഇതുവരെ അവിടെ 18 വയസിന് മുകളിലുള്ള ആർക്കും ആരുമായും ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗിക ബന്ധമാവാം എന്നതായിരുന്നു നിയമം. അതിന്റെ പ്രത്യാഘാതങ്ങൾ വിലയിരുത്തിയാണ് പുതിയ തീരുമാനം എടുത്തത്. പാശ്ചാത്യർ ചവച്ച് തുപ്പിയ സംസ്‌കാരത്തെ പുരോഗമനത്തിന്റെ പേരിൽ നടപ്പാക്കിത്തുടങ്ങുകയാണ് നമ്മൾ.
ഫ്രീ സെക്‌സ് ആഗ്രഹിക്കുന്ന ഒരു ന്യൂനപക്ഷത്തിന്റെ ചിന്താഗതികൾ ധാർമികമായി നിലനിൽക്കാനാഗ്രഹിക്കുന്ന മഹാ ഭൂരിപക്ഷത്തിന് മുകളിൽ ഔദ്യോഗിക സംവിധാനങ്ങളിലൂടെ അടിച്ചേൽപ്പിക്കാൻ ഒരുകാരണവശാലും അനുവദിച്ചുകൂടാ..
ധാർമികബോധമുള്ള മുഴുവൻ ആളുകളും ഇതിനെതിരെ രംഗത്തിറങ്ങണം. കുടുംബശ്രീകൾ കുടുംബം കലക്കാൻ കാരണമാകരുത്.