കുവെെത്ത് ദുരന്തം: 45 ഇന്ത്യക്കാരുടെ മൃതദേഹവുമായി വിമാനം കൊച്ചിയിലെത്തി

കേരളത്തിലെ 23 പേരുടെ കൂടാതെ തമിഴ്നാട്ടിലെ ഏഴു പേരുടെയും കർണാടകയിലെ ഒരാളുടെയും ഉൾപ്പെടെ 31 പേരുടെ മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിച്ചത്.

Update: 2024-06-14 06:37 GMT
Editor : anjala | By : Web Desk
Advertising

കൊച്ചി: കുവൈത്തിലെ ലേബർ ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ മൃതദേഹവുമായി വ്യോമസേന വിമാനം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. വ്യോമസേനയുടെ സൂപ്പർ ഹെർക്കുലീസ് വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിച്ചത്. ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗും വിമാനത്തിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, മന്ത്രിമർ അടക്കമുള്ളവർ മൃതദേഹങ്ങൾ ഏറ്റുവാങ്ങും. കേരളത്തിലെ 23 പേരുടെ കൂടാതെ തമിഴ്നാട്ടിലെ ഏഴു പേരുടെയും കർണാടകയിലെ ഒരാളുടെയും ഉൾപ്പെടെ 31 പേരുടെ മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിച്ചത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടുപോകുന്നതിന് നോർക റൂട്ട്സിന് കീഴിൽ ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷനുമായി ചേർന്ന് പ്രത്യേക ക്രമീകരണങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ തമിഴ്നാട് ഗവൺമെന്റിന്റെ എട്ട് ആംബുലൻസുകളും വിമാനത്താവളത്തിൽ എത്തിട്ടുണ്ട്.

അതേസമയം, തീപിടിത്തത്തിൽ സുരക്ഷാവീഴ്ച ആരോപിച്ച് രണ്ട് പേരെ അറസ്സ് ചെയ്തതായി പ്രദേശിക മാധ്യമമായ അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു. കുവൈത്ത് പൗരനെയും പ്രവാസിയേയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് വിവരം. നരഹത്യയും അശ്രദ്ധ മൂലം അപകടമുണ്ടാക്കിയതിനുമാണു കേസ്. അന്വേഷണ നടപടികൾ പുരോഗമിക്കുകയാണെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.

തീപിടിത്തത്തിൽ 45 ഇന്ത്യക്കാരടക്കം 49 പേരാണ് മരിച്ചത്. 50ലധികം പേർക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞദിവസം പുലർച്ചെ 4.05ഓടെയാണ് കുവൈത്തിലെ മലയാളി ഉടമസ്ഥതയിലുള്ള എൻബിടിസി ഗ്രൂപ്പിന്റെ ‌ലേബർ ക്യാമ്പിൽ തീപിടിത്തമുണ്ടായത്. തൊഴിലാളികൾ ഉറങ്ങിക്കിടക്കവെയായിരുന്നു അപകടം. 

Full View

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News