കെ.വി തോമസ് എൽ.ഡി.എഫ് സ്ഥാനാർഥിക്കായി പ്രചാരണത്തിനിറങ്ങിയാൽ അത് യു.ഡി.എഫിനെ ബാധിക്കില്ല: ഉമാ തോമസ്
എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് കെ.വി തോമസ് അറിയിച്ചിരുന്നു
തൃക്കാക്കര: കെ.വി തോമസിന്റെ നിലപാടുമാറ്റം ദൗർഭാഗ്യകരമെന്ന് തൃക്കാക്കര യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ്. കെ.വി തോമസ് എൽ.ഡി.എഫ് സ്ഥാനാർഥിക്കായി പ്രചാരണത്തിന് ഇറങ്ങിയാൽ അത് യു.ഡി.എഫിനെ ബാധിക്കില്ല. ട്വന്റി ട്വന്റിയുടെ വോട്ടുകളും ആവശ്യമാണ്. ആര് വോട്ട് തന്നാലും സ്വീകരിക്കുമെന്നും ഉമ തോമസ് മീഡിയവണിനോട് പറഞ്ഞു.
എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് കെ.വി തോമസ് അറിയിച്ചിരുന്നു.എൽ.ഡി.എഫ് കൺവെൻഷനിൽ പങ്കെടുക്കുമെന്നും നിലപാട് മാറുന്നതിൽ വേദനയും ദുഃഖവുമുണ്ടെന്നും കെ.വി തോമസ് പറഞ്ഞു.
അതേസമയം ഉമാ തോമസ് കെ.വി തോമസിനെ സന്ദർശിക്കില്ല. ഇന്നലെ ചേർന്ന യുഡിഎഫ് യോഗത്തിൽ വിശദമായി ചർച്ച ചെയ്തതിന് ശേഷമാണ് ഉമ കെ.വി തോമസിനെ സന്ദർശിക്കേണ്ടെന്ന തീരുമാനം എടുത്തത്. കോൺഗ്രസുകാരനാണെന്ന് പറയുന്ന കെ.വി തോമസിന് ഉമക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാൻ തടസ്സമൊന്നുമില്ലെന്ന നിലപാടിലാണ് കോൺഗ്രസ് നേത്യത്വം. വ്യാഴാഴ്ച നടക്കുന്ന എൽ.ഡി.എഫ് കൺവെഷനിൽ പങ്കെടുത്ത് കെ.വി തോമസ് കോൺഗ്രസിൽ നിന്ന് പുറത്തേക്ക് പോകുമെന്ന വിലയിരുത്തലാണ് യുഡിഎഫ് എത്തിയത്.