കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സർവീസ് ഉടൻ പുനരാരംഭിക്കണം: ഇ.ടി മുഹമ്മദ് ബഷീര്‍
ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് അമിത ചാർജ് ഈടാക്കുന്നത് സംബന്ധിച്ച് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായി ചര്‍ച്ച നടത്തി
കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വലിയ വിമാനങ്ങളുടെ സർവീസ് ഉടന്‍ പുനരാരംഭിക്കണമെന്ന് മുസ്‍ലിം ലീഗ് അഖിലേന്ത്യാ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി ആവശ്യപ്പെട്ടു. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ആവശ്യമുന്നയിച്ചത്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് അമിത ചാർജ് ഈടാക്കുന്നത് സംബന്ധിച്ചും ബഷീര്‍ മന്ത്രിയുമായി ചര്‍ച്ച ചെയ്തു.
കഴിഞ്ഞ വർഷമുണ്ടായ വിമാനാപകടത്തെ തുടർന്ന് വലിയ വിമാനങ്ങളുടെ സർവീസ് നിർത്തിവച്ചതുമൂലം യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകള്‍ എം.പി മന്ത്രിയുമായി വിശദമായി ചർച്ച ചെയ്തു. വിമാനാപകടവുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവരുന്നതുവരെ കാത്തിരിക്കാനായിരുന്നു ഇതുവരെ പറഞ്ഞിരുന്നത്. റൺവേയുമായി ബന്ധപ്പെട്ട പ്രശ്നം കൊണ്ടല്ല അപകടമുണ്ടായതെന്നും, പൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് അപകടത്തിനിടയാക്കിയതെന്നും റിപ്പോർട്ടുകൾ പുറത്തുവന്നുകഴിഞ്ഞു.
അതേസമയം, വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നതിനുള്ള കാര്യങ്ങൾ സർക്കാർ ചെയ്തുവരികയാണെന്ന് മന്ത്രി എംപിയെ അറിയിച്ചു. ഇനിയും ഇത്തരത്തിലുള്ള അപകടങ്ങളുണ്ടാകാതിരിക്കുന്നതിനു മറ്റു ഭൗതികസൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ടെങ്കിൽ അത് നിർദേശിക്കാൻ വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ റിപ്പോർട്ട് ലഭ്യമാകുമെന്നും ഇക്കാര്യങ്ങൾ സമയബന്ധിതമായി നടക്കണമെന്ന് ആഗ്രഹമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വിമാന കമ്പനികൾ അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നത് സംബന്ധിച്ചുള്ള വിഷയത്തിൽ ബന്ധപ്പെട്ടവരുമായി ഉടന്‍ ചർച്ച ചെയ്യാമെന്നും മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്.