പ്രതിഷേധ കോലാഹലങ്ങൾക്കിടെ ഇടത് മുന്നണി യോഗം ഇന്ന്
സ്വപ്നയുടെ ആരോപണങ്ങളെ തുടർന്ന് പ്രതിപക്ഷം നടത്തുന്ന സമരങ്ങളെ രാഷ്ട്രീയമായി നേരിടാൻ യോഗം തീരുമാനമെടുക്കും
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ശക്തമായിരിക്കെ ഇടത് മുന്നണി യോഗം ഇന്ന് ചേരും. സ്വപ്നയുടെ ആരോപണങ്ങളെ തുടർന്ന് പ്രതിപക്ഷം നടത്തുന്ന സമരങ്ങളെ രാഷ്ട്രീയമായി നേരിടാൻ യോഗം തീരുമാനമെടുക്കും. രാഷ്ട്രീയ വിശദീകരണ യോഗങ്ങൾക്കൊപ്പം മറ്റ് പ്രതിരോധ നടപടികളും ചർച്ചയാകും. സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾക്ക് പിന്നാലെയാണ് പ്രതിപക്ഷം സമരം ശക്തമാക്കിയത്. പുറത്തെ പ്രതിഷേധങ്ങൾക്ക് പിന്നാലെ വിമാനത്തിനുള്ളിലും പ്രതിഷേധമുണ്ടായതോടെ അതേ നാണയത്തിൽ തിരിച്ചടിക്കാനാണ് ഇടത് മുന്നണി തീരുമാനം. എന്ത് തരത്തിലെ പ്രതിരോധമാണ് സർക്കാരിനും മുന്നണിക്കും ഒരുക്കേണ്ടതെന്ന കാര്യം ഇന്നത്തെ മുന്നണി യോഗം തീരുമാനിക്കും.
പ്രതിപക്ഷത്തിന്റേയും സ്വപ്നയുടേയും ആരോപണങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് എൽ.ഡി.എഫിന്റെ പ്രധാന തീരുമാനം. സ്വപ്ന ഇപ്പോൾ ഉയർത്തിയ ആരോപണങ്ങൾ രണ്ട് വർഷം മുൻപ് കേന്ദ്ര ഏജൻസികൾ അന്വേഷിച്ചതാണെന്നാണ് എൽഡിഎഫിന്റെ നിലപാട്. മാത്രമല്ല ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും എൽ. ഡി.എഫ് പറയുന്നുണ്ട്.
ഇതിനെ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ വിളിച്ച് പ്രതിരോധിക്കാനാണ് എൽ.ഡി.എഫ് തീരുമാനിച്ചിരുന്നത്. എന്നാൽ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായതോടെ എൽഡിഎഫ് പ്രതിരോധ തന്ത്രം മാറ്റിയിട്ടുണ്ട്. മുഖ്യമന്ത്രിയെ അപകടപ്പെടുത്താൻ നീക്കം നടത്തുന്നുണ്ടെന്ന തരത്തിലേക്ക് പ്രചരണം നടത്താനും എൽ.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്.