വിദ്വേഷ പ്രസംഗം: വെള്ളാപ്പള്ളിക്കെതിരെ നിയമ നടപടി അനിവാര്യം -ഐഎൻഎൽ

‘നവോത്ഥാന സംരക്ഷണ സമിതി നേതൃസ്ഥാനത്ത് അദ്ദേഹത്തെ ഇനി വെച്ചിരിക്കുന്നതിൽ അർത്ഥമില്ല’

Update: 2025-04-06 06:09 GMT
Advertising

കോഴിക്കോട് : മലപ്പുറം ജില്ലക്കും അവിടുത്തെ ജനങ്ങൾക്കുമെതിരെ അത്യന്തം വിഷലിപ്തമായ അധിക്ഷേപങ്ങൾ നടത്തിയ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ നിയമ നടപടി അനിവാര്യമാണെന്നും ഉടൻ കേസെടുക്കണമെന്നും ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ എംഎൽഎയും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. നവോത്ഥാന സംരക്ഷണ സമിതി നേതൃസ്ഥാനത്ത് അദ്ദേഹത്തെ ഇനി വെച്ചിരിക്കുന്നതിൽ അർത്ഥമില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും ഈഴവർ ഭീതിയിലാണ് കഴിയുന്നതന്നും ഒരു കൺവെൻഷനിൽ പരസ്യമായി വിളിച്ചു പറഞ്ഞത് നിസ്സാരമായി കാണാനാവില്ല. ആർ.എസ്.എസിൻ്റെ ഭാഷ്യമാണ് അദ്ദേഹം കടമെടുത്തിരിക്കുന്നത്. മുസ്‌ലിം സമൂഹത്തിനെതിരെ എന്ത് തെറ്റായ പ്രചാരണവും നടത്താമെന്ന ഒരു പ്രവണത അനുവദിച്ചു കൊടുക്കാനാവില്ല.

കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ വെള്ളാപ്പള്ളിയെ കണ്ട് ചർച്ച ചെയ്തതായി റിപ്പോർട്ടുണ്ടായിരുന്നു. അതിൻ്റെ പ്രതിഫലനമാവാം ഈ വിഷം ചീറ്റലിന് പിന്നിൽ. മതമൈത്രിയുടേയും പാരസ്പര്യത്തിൻ്റെയും അതിമനോഹരമായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന മലപ്പുറം ജില്ലയെക്കുറിച്ച് വർഗീയവാദികൾ നടത്തുന്ന ദുഷ്പ്രചാണങ്ങൾക്ക് ജാതി മത ഭേദമന്യെ അവിടുത്തെ ജനങ്ങൾ തന്നെയാണ് മറുപടി നൽകാറ്.

ജാതിമത ചിന്തകൾക്കതീതമായി മനുഷ്യരെ സ്നേഹിക്കാനും ചേർത്തുപിടിക്കാനും ആവേശം കാട്ടുന്ന മലപ്പുറത്തുകാരുടെ മുഖത്ത് നോക്കി ഇമ്മട്ടിൽ വർഗീയത പുലമ്പാൻ വെള്ളാപ്പള്ളിയെ പ്രേരിപ്പിച്ച ഘടകമെന്താണെന്ന് അന്വേഷിക്കേണ്ടതുണ്ട്. ഈഴവ സമുദായത്തിന് മൊത്തത്തിൽ ഭാരവും ബാധ്യതയുമായി മാറിയ ഈ വയോധികൻ്റെ നാവിൽ പൂട്ടിടാൻ അധികൃതർ ഇനിയെങ്കിലും മുന്നോട്ട് വന്നില്ലെങ്കിൽ സംഘപരിവാറിൻ്റെ സദാ ഭീഷണിയിൽ കഴിയുന്ന കേരളത്തെ രക്ഷപ്പെടുത്താനാകാത്ത അവസ്ഥ വന്നേക്കാമെന്ന് മുഖ്യമന്ത്രിയെ കത്തിൽ ഓർമിപ്പിച്ചു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News