കൈക്കൂലി വാങ്ങിയെങ്കിൽ ശിവശങ്കർ ജയിലിൽ കിടക്കട്ടെ, അതിന്റെ വിഹിതം ഞങ്ങളാരും പറ്റിയിട്ടില്ല: എം.വി ഗോവിന്ദൻ

ലൈഫ് മിഷൻ അഴിമതി കേസിൽ അറസ്റ്റിലായ എം.ശിവശങ്കറുമായി സിപിഎമ്മിന് ബന്ധമില്ലെന്ന് എംവി ഗോവിന്ദൻ നേരത്തെ വ്യക്തമാക്കിയിരുന്നു

Update: 2023-02-19 06:22 GMT
Editor : afsal137 | By : Web Desk
Advertising

കണ്ണൂർ: കൈക്കൂലി വാങ്ങിയെങ്കിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ജയിലിൽ കിടക്കട്ടെയെന്നും കൈക്കൂലിയുടെ വിഹിതം തങ്ങളാരും പറ്റിയിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മീഡിയവണ്ണിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിടുകയാണെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

കൈക്കൂലിയുടെ വിഹിതം തങ്ങളാരും പറ്റിയിട്ടില്ലെന്ന് പറഞ്ഞ എം.വി ഗോവിന്ദൻ അത്‌കൊണ്ട് ഭയക്കുന്നില്ലെന്നും വ്യക്തമാക്കി. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ അന്വേഷണ പരിധിയിൽ കൊണ്ടുവന്നാലും ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് മിഷൻ അഴിമതി കേസിൽ അറസ്റ്റിലായ എം.ശിവശങ്കറുമായി സിപിഎമ്മിന് ബന്ധമില്ലെന്ന് എംവി ഗോവിന്ദൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അത്തരമൊരു ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അത് രാഷ്ട്രീയപ്രേരിതമാണെന്നും ശിവശങ്കറിന്റെ അറസ്റ്റ് ആദ്യമായല്ലല്ലോയെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് നാളെ കാസർകോട് തുടക്കമാവുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദൻ ചുമതലയേറ്റ ശേഷം നടത്തുന്ന ആദ്യ കേരള യാത്രയാണിത്. 2024ൽ നടക്കാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങൾക്ക് അനുകൂലമായ സാഹചര്യമൊരുക്കുകയാണ് യാത്രയിലൂടെ സിപിഎം ലക്ഷ്യമിടുന്നത്. ഇന്ധന സെസ് പിൻവലിക്കില്ലെന്നും എം.വി ഗോവിന്ദൻ മീഡീയവണിനോട് പറഞ്ഞു. പ്രതിപക്ഷ സമരത്തിന്റെ പേരിൽ ഒരു രൂപ പോലും ഇന്ധന സെസ്‌കുറക്കില്ല. അക്കാര്യം ജനങ്ങളോട് ഉറപ്പിച്ച് പറയാനാണ് തീരുമാനം. പൊതുമേഖലാ സ്ഥാപനങ്ങളെ എക്കാലവും പൊതു ഖജനാവിൽ നിന്ന് പണം നൽകി സംരക്ഷിക്കാനാവില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

''ഒന്നുകിൽ ഈ ഗവൺമെന്റ് നിലനിൽക്കണോ അല്ലെങ്കിൽ ഈ ഗവൺമെന്റിന്റെ അന്ത്യം വേണോ?, സംസ്ഥാന സർക്കാരിനെ തകർക്കാനുള്ള ഗൂഢാലോചന തന്നെയാണ് കേന്ദ്ര ഗവൺമെന്റിന്റെ സാമ്പത്തിക നയം. അതിനെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ ഇടപെടലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തുന്നത്. കോൺഗ്രസും ബി.ജെ.പിയും കൂടിയാണ് ഇന്ധനവില ഈ നിലയിലെത്തിച്ചത്''- എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. ഇന്ധന സെസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്താൻ പ്രതിപക്ഷത്തിന് അർഹതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ധന സെസ് എന്ത്‌കൊണ്ട് കുറയ്ക്കാതിരിക്കുന്നുവെന്നതിൽ സർക്കാരിന് കൃത്യമായ കാരണങ്ങളുണ്ട്. സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. 40000 കോടി രൂപയോളം കേന്ദ്രം കേരളത്തിന് നൽകാനുണ്ട്. ആ തുക നൽകാതെ കേന്ദ്രം സംസ്ഥാന സർക്കാരിനെ ഞെക്കി കൊല്ലാനുള്ള ശ്രമം നടത്തുകയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ബി.ജെ.പി, യു.ഡി.എഫ് സമരം അപഹാസ്യമാണെന്നും അതിന് വഴങ്ങില്ലെന്നും വ്യക്തമാക്കിയ എം.വി ഗോവിന്ദൻ പ്രതിപക്ഷത്തെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News