'ജനലഴികളിൽ പിടിച്ചു നിന്ന് മിന്നൽ വരുന്നുണ്ടോ എന്ന് നോക്കരുത്, ആ വഴിയും വരാം'; ഇടിമിന്നലിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടാൽ ഉടൻ തന്നെ സുരക്ഷിതമായ ഒരു കെട്ടിടത്തിനുള്ളിലേക്ക് മാറണം


കോഴിക്കോട്: കഴിഞ്ഞ ദിവസം ക്രിക്കറ്റ് കളിക്കിടയിൽ മിന്നലേറ്റ് ഒരു യുവാവ് മരിച്ചിരുന്നു. സങ്കടകരമായ സംഭവമാണ്. പല പത്രങ്ങളും മിന്നലേറ്റ് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചിട്ടാണ് അയാൾ മരിച്ചതെന്ന് റിപ്പോർട്ട് ചെയ്തേക്കുന്നത് കണ്ടു. അത് തികച്ചും തെറ്റാണ്. ശാസ്ത്രീയമായ ഒരു അന്ധവിശ്വാസം മാത്രം. മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോഴും അല്ലാത്തപ്പോഴും ഒരാൾക്ക് മിന്നലേൽക്കാനുള്ള സാധ്യത ഒരുപോലെയാണ്. മൊബൈൽ ഫോൺ മിന്നലിനെ ആകർഷിക്കുകയൊന്നുമില്ല.
കേരളത്തിൽ ഇപ്പോൾ പരക്കെ മഴയും ഇടിയുമൊക്കെയാണ്. മിന്നൽ സാധ്യതയും കൂടുതലാണ്. മിന്നൽ മുരളിയിൽ ജയ്സണ് മിന്നലേറ്റപ്പോൾ അയാളൊരു സൂപ്പർ ഹീറോ ആയി. അതേ തീവ്രതയിൽ ഒരു മിന്നൽ നമുക്കാണ് കിട്ടുന്നതെങ്കിൽ പിന്നെ ശവമടക്കാനുള്ള പെട്ടി പോയിട്ട്, വാരിക്കൂട്ടി എടുക്കാൻ ഒരു തൊട്ടി പോലും വേണ്ടി വരില്ല.
ശ്രദ്ധിച്ചാൽ പരമാവധി ഒഴിവാക്കാവുന്നതാണ് മിന്നൽ ഏറ്റുള്ള അപകടങ്ങൾ. ആര് ശ്രദ്ധിക്കണം? അവനവൻ തന്നെ ശ്രദ്ധിക്കണം. പ്രത്യേകിച്ചും പുറത്ത് പണി ചെയ്യുന്നവർ, യാത്ര ചെയ്യുന്നവർ, ഇന്നലത്തെ സംഭവം പോലെ തുറസായ സ്ഥലങ്ങളിൽ കളികളിലോ ജോലിയിലോ ഏർപ്പെടുന്നവർ ഒക്കെ കർശനമായ ജാഗ്രത പുലർത്തണം. ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടാൽ ഉടൻ തന്നെ സുരക്ഷിതമായ ഒരു കെട്ടിടത്തിനുള്ളിലേക്ക് മാറണം. അങ്ങനെ മാറിയിട്ട് ജനലഴികളിൽ പിടിച്ചു നിന്ന് മിന്നൽ വരുന്നുണ്ടോ എന്ന് നോക്കി നിൽക്കരുത്. അവൻ ജനലഴി വഴിയും വരാം. വീട്ടിലാണെങ്കിൽ ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. വെറുതെ ഇലക്ട്രിക്കൽ കടക്കാരന് കാശു കൊടുക്കുന്നതെന്തിന്?
ജനലുകളും വാതിലുകളും അടച്ചിടുക. മിന്നൽ എങ്ങനെയിരിക്കുമെന്ന് കാണാൻ ശ്രമിക്കരുത്. കണ്ടേ പറ്റു എന്നാണെങ്കിൽ യൂട്യൂബിൽ ഉണ്ട്.
ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക. വെറുതെ അവരെ പ്രലോഭിപ്പിക്കരുത്. മിന്നൽ വേളയിൽ അവരൊക്കെ വികാരജീവികളാണ്.
ലാൻഡ് ഫോണുകൾ ഉപയോഗിക്കരുത്. മൊബൈൽ ഫോൺ കുഴപ്പമില്ല. പക്ഷെ ചാർജ് ചെയ്തു കൊണ്ട് ഉപയോഗിക്കരുത്.
ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ മരക്കൊമ്പിലോ കയറി ഇരിക്കരുത്. ഉയരം കൂടും തോറും (പതിനാറടിയന്തിരത്തിന്റെ) ചായയുടെ സ്വാദും കൂടും. ബട്ട് യു മെ മിസ് ഇറ്റ്.
വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിലെങ്ങും പോയി നിൽക്കരുത്. വാഹനങ്ങൾ അവിടെ പാർക്ക് ചെയ്യുന്നതും റിസ്കാണ്.
കവചിത വാഹനത്തിനുള്ളിൽ ആണെങ്കിൽ അതൊരു തുറസ്സായ സ്ഥലത്ത് നിർത്തിയിട്ട ശേഷം അതിനകത്തു തന്നെ ഇരിക്കണം. പുറത്തിറങ്ങരുത്. കാറിനുള്ളിൽ ഇരുന്നാൽ മിന്നലേൽക്കില്ല. കാരണം, +2 വിന് ഫിസിക്സ് പഠിപ്പിച്ച സാജൻ സർ പറഞ്ഞതനുസരിച്ച് ഒരു ഗോളത്തിൻ്റെ സെൻ്ററിൽ വോൾട്ടേജ് എപ്പോഴും പൂജ്യമായിരിക്കും.
ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല. ചിലപ്പോൾ നരസിംഹത്തിൽ മോഹൻലാൽ കിടക്കുമ്പോലെ കിടക്കേണ്ടി വരും. പിന്നെ ആരെങ്കിലും വന്ന് എടുക്കേണ്ടി വരും.
ഇനി അഥവാ തുറസ്സായ സ്ഥലത്ത് പെട്ടുപോയ അവസ്ഥയാണെങ്കിൽ താഴെയുള്ള ചിത്രത്തിലേതു പോലെ ഇരിക്കുക. അതാണ് ലൈറ്റ്നിംഗ് സേഫ്റ്റി പൊസിഷൻ. ഉപ്പുറ്റി ഉയർത്തി പരസ്പരം ചേർത്ത് വയ്ക്കണം. ഭൂമിയിൽ തൊടുന്ന കാലിൻ്റെ ഭാഗം പരമാവധി കുറക്കണം. കാലുകൾ മടക്കി, തല കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി ഒരു പന്തുപോലെ ഉരുണ്ട് ഇരിക്കുക. ഓർക്കുക, അത് ശൗചാലയമല്ല. മാത്രമല്ല, മിന്നലേൽക്കാതിരിക്കാൻ മണ്ണിൽ കിടക്കാൻ ശ്രമിക്കരുത്. കൂടുതൽ അപകടകരം.
ഇടിമിന്നലുള്ള സമയം പുറത്ത് അയയിൽ കിടക്കുന്ന വസ്ത്രങ്ങൾ, 'അയ്യോ നനയു'മെന്ന് വെപ്രാളപ്പെട്ട് എടുക്കാൻ ഓടരുത്. അവ നനഞ്ഞാലും സാരമില്ല. ഉണങ്ങുമ്പോൾ ഉടുക്കാനുള്ള ആളാണ് പ്രധാനം.
ഇടിമിന്നലുള്ള സമയത്ത് കുട്ടികളെ തുറസായ സ്ഥലത്ത് കളിക്കുന്നതിൽ നിന്നും കർശനമായി വിലക്കുക.
ഇടിമിന്നലിൽ നിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ് പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.
ഇനി നിങ്ങളുടെ അടുത്തു നിക്കുന്ന ഒരാളിന് പെട്ടെന്ന് മിന്നലേറ്റു. നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും?
ഒരാൾക്ക് മിന്നലേറ്റാൽ, അതിൻ്റെ ആഘാതത്തിൽ പൊള്ളൽ ഏൽക്കുകയോ കാഴ്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്യാം.
സാധാരണ കറണ്ടടിക്കുന്ന പോലല്ല മിന്നലേൽക്കുന്നത്. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ തൊട്ടാൽ നിങ്ങളെ കറണ്ടടിക്കില്ല. ധൈര്യമായി തൊടാം.
പൊള്ളലേറ്റോ നേരിട്ടുള്ള ആഘാതത്താലോ ആള് മരിക്കുന്നത് കുറവാണ്. പലപ്പോഴും മരണകാരണം പെട്ടെന്നുള്ള ശ്വാസതടസമാണ്.
അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. എന്നുവച്ചാൽ കൃത്രിമ ശ്വാസോഛ്വാസം നൽകിയാൽ തന്നെ ആളെ നമുക്ക് രക്ഷിക്കാൻ പറ്റിയേക്കും. ഫ്രണ്ട്സ് സിനിമയിൽ ജയറാം മീനയ്ക്ക് കൊടുക്കുന്നില്ലേ, അതുപോലെ.
സിനിമയിലേത് പോലെ അത്ര ഈസിയല്ല കാര്യങ്ങൾ. അതുകൊണ്ട് അറിയാവുന്ന, നമുക്ക് ചെയ്യാവുന്ന പ്രഥമശുശ്രൂഷയൊക്കെ കൊടുത്തിട്ട്, എത്രയും വേഗം എടുത്തോണ്ട് ആശുപത്രിയിൽ പോണം.
അപ്പൊ മറക്കണ്ടാ, നമ്മളാരും ടോവിനോ തോമസമല്ലാ. നമുക്ക് മിന്നലേറ്റാൽ മുരളിയാവില്ലാ, മൊരിഞ്ഞ് പോകത്തേ ഉള്ളൂ.
കടപ്പാട്: മനോജ് വെള്ളനാട്(ഇൻഫോ ക്ലിനിക്)