ലോകായുക്ത: സര്‍ക്കാര്‍ വിശദീകരണം ഗവർണർക്ക് വേഗത്തില്‍ കൈമാറും

ഗവർണറെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സാധ്യതയുണ്ടെന്ന സി.പി.എമ്മിന്‍റെ വാദം ആരിഫ് മുഹമ്മദ് ഖാന് നല്‍കുന്ന മറുപടിയില്‍ ഉണ്ടാകില്ല

Update: 2022-01-30 01:17 GMT
Advertising

ലോകായുക്ത നിയമഭേദഗതിയില്‍ ഗവർണർ ചോദിച്ച വിശദീകരണത്തിന് സര്‍ക്കാര്‍ വേഗത്തില്‍ മറുപടി നല്‍കും.. നിലവിലെ ലോകായുക്ത നിയമം ഭരണഘടനവിരുദ്ധമാണെന്ന നിലപാട് ഗവർണർക്ക് മുന്നില്‍ സര്‍ക്കാര്‍ ആവര്‍ത്തിക്കാനാണ് സാധ്യത. വിശദീകരണത്തില്‍ തൃപ്തിയില്ലെങ്കില്‍ ഗവർണർ ഓര്‍ഡനന്‍സ് തിരിച്ചയച്ചേക്കും.

വിവാദമായ ലോകായുക്ത നിയമഭേദഗതിയില്‍ നിയമോപദേശം തേടിയ ഗവർണർ സര്‍ക്കാരിനോട് വിശദീകരണം കൂടി തേടിയതോടെ ഓര്‍ഡിനന്‍സില്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഉടനെ ഒപ്പ് വെയ്ക്കില്ലെന്ന് വ്യക്തമായിട്ടുണ്ട്. ഗവർണർ ഇന്നലെ ചോദിച്ച വിശദീകരണത്തിന് സര്‍ക്കാരിന്‍റെ മറുപടി വേഗത്തിലുണ്ടാകുമെന്നാണ് സൂചന. നിലവിലെ നിയമത്തിലെ ഭരണഘടന വിരുദ്ധതയില്‍ ഊന്നിയുള്ള മറുപടിയായിരിക്കും സംസ്ഥാനസര്‍ക്കാര്‍ നല്‍കുക.

കേരള ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടന വിരുദ്ധമാണെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്.ഇതിനെ സാധൂകരിക്കാന്‍ 2021 ഏപ്രില്‍ 21 അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ നിയമോപദേശവും സര്‍ക്കാര്‍ ഗവർണർക്ക് നല്‍കിയേക്കും. ഭരണഘടനയിലെ 164 ാം അനുച്ഛേദത്തിലേക്കുള്ള കടന്ന് കയറ്റമാണ് ലോകായുക്ത നിയമത്തിലെ വകുപ്പ് 14 എന്ന വാദമാണ് സര്‍ക്കാര്‍ ഗവർണറെ അറിയിക്കുക. വിവിധ സംസ്ഥാനങ്ങളിലെ ലോകായുക്ത നിയമവും,കേന്ദ്ര ലോക്പാല്‍ നിയമവും സംസ്ഥാന ആഭ്യന്തര വകുപ്പ് വിശദമായി പരിശോധിച്ചാണ് ഭേദഗതി തീരുമാനിച്ചതെന്നും സര്‍ക്കാര്‍ അറിയിക്കും.

എന്നാല്‍ ഗവർണറെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സാധ്യതയുണ്ടെന്ന സി.പി.എമ്മിന്‍റെ വാദം ആരിഫ് മുഹമ്മദ് ഖാന് നല്‍കുന്ന മറുപടിയില്‍ ഉണ്ടാകില്ല. ലോകായുക്തയുടെ അധികാരങ്ങളെ കവരുന്ന ഒരിപടപെടലും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും ഗവർണറെ അറിയിക്കും. അതേസമയം, സര്‍ക്കാര്‍ വിശദീകരണത്തില്‍ തൃപ്തിയില്ലെങ്കില്‍ ഓര്‍ഡിനന്‍സ് ഗവർണർ തിരിച്ചയച്ചേക്കും. നിയമോപദേശത്തിന്‍റെ കൂടി അടിസ്ഥാനത്തിലായിരിക്കും ഗവർണർ തുടര്‍ നടപടികള്‍ തീരുമാനിക്കുക.

Full View

Summary : Lokayukta: The government will soon hand over the explanation to the governor

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News