ആർ.എസ്.എസ്സുമായി ചർച്ച നടത്തുന്നതിന് സി.പി.എം എതിരല്ല, ജമാഅത്തെ ഇസ്ലാമി ചർച്ച നടത്തിയതാണ് പ്രശ്‌നം: എം.വി ഗോവിന്ദൻ
'എന്താണ് ആർ.എസ്.എസ്സുമായി ചർച്ച ചെയ്തതെന്ന് ജമാഅത്തെ ഇസ്‍ലാമി പറയണം'
വയനാട്: ആർ.എസ്.എസ്സുമായി ചർച്ചകൾ നടത്തുന്നതിന് എതിരല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ആർ.എസ്.എസ്സുമായി ചർച്ചകൾ നടത്തരുതെന്ന് സി.പി.എമ്മോ താനോ പറയില്ല. മറ്റ് മുസ്‍ലിം സംഘടനകൾ ആർ.എസ്.എസ്സുമായി ചർച്ച നടത്തുന്നതിനും സി.പി.എം എതിരല്ല. എന്നാൽ ജമാഅത്തെ ഇസ്ലാമി ചർച്ച നടത്തിയതാണ് പ്രശ്നമെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.
എന്താണ് ആർ.എസ്.എസ്സുമായി ചർച്ച ചെയ്തതെന്ന് ജമാഅത്തെ ഇസ്‍ലാമി പറയണം. ആൾക്കൂട്ടക്കൊലകൾ നടത്തുന്നവരോടാണോ ജമാഅത്തെ ഇസ്‍ലാമി അതേക്കുറിച്ച് ചർച്ച നടത്തുന്നത്? സി.പി.എം ചർച്ച നടത്തിയത് ചില സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ്. ആർ.എസ്.എസ്സുമായി ഉഭയക്ഷകക്ഷി ചർച്ച പലപ്പോഴും നടന്നിട്ടുണ്ട്. അത് പാടില്ലെന്ന് സി.പി.എം പറഞ്ഞിട്ടില്ലെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.
"വംശഹത്യയ്ക്ക് നേതൃത്വം കൊടുക്കുന്ന വര്‍ഗീയവാദ മേഖലയിലെ ന്യൂക്ലിയസ്സായി പ്രവര്‍ത്തിക്കുന്നതാണ് ആര്‍.എസ്.എസ്. ഗാന്ധിവധം മുതലിങ്ങോട്ട് എല്ലാ ജനാധിപത്യവിരുദ്ധമായ കടന്നാക്രമണങ്ങളുടെയും ആശയരൂപീകരണത്തിന്‍റെ പ്രധാനപ്പെട്ട കേന്ദ്രമാണത്. ആ കേന്ദ്രം എന്തിനാണ് ജമാഅത്തെ ഇസ്‍ലാമിയുമായി ചര്‍ച്ച നടത്തിയത് എന്നു പറഞ്ഞാല്‍ മതി. സംഘര്‍ഷാത്മക സാഹചര്യത്തില്‍ ഉഭയകക്ഷി ചര്‍ച്ചകളും സര്‍വക്ഷി സമ്മേളനങ്ങളുമെല്ലാം നടത്തിയിട്ടുണ്ട്. ചര്‍ച്ചയുണ്ടാവന്‍ പാടില്ലെന്നൊന്നും ഞങ്ങള്‍ പറഞ്ഞിട്ടില്ല. എന്താണ് ഇവര്‍ തമ്മിലുള്ള അന്തര്‍ധാര എന്നാണ് മനസ്സിലാവേണ്ടത്. രണ്ട് വര്‍ഗീയശക്തികള്‍ തമ്മില്‍ എന്ത് ചര്‍ച്ച നടത്തി എന്നാണ് അറിയേണ്ടത്. ആൾക്കൂട്ടക്കൊലകൾ നടത്തുന്നവരോടാണോ ജാഅത്തെ ഇസ്‍ലാമി അതേക്കുറിച്ച് ചർച്ച നടത്തുന്നത്?"- എം.വി ഗോവിന്ദന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ കൃത്രിമം നടത്തിയവരെയെല്ലാം നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ക്രമക്കേടിൽ വിശദമായ അന്വേഷണം നടക്കും. മുഖ്യമന്ത്രി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
ഗവർണർ മന്ത്രിമാരെ വിളിച്ചു വരുത്തുകയാണ്. അദ്ദേഹം പിടിവാശി തുടരുകയാണ്. ബില്ലുകൾ ഭരണഘടനാപരമായി ഒപ്പിടേണ്ടി വരും. ഇന്നല്ലെങ്കിൽ നാളെ അത് ചെയ്യേണ്ടിവരുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.