പെൻഷൻ പ്രായം 60 ആക്കിയത് സി.പി.എം അറിയാതെ: എം.വി ഗോവിന്ദന്‍

'ചർച്ച നടക്കാതെയുള്ള തീരുമാനം എങ്ങനെ വന്നുവെന്ന് പരിശോധിക്കും'

Update: 2022-11-03 07:31 GMT
Advertising

തിരുവനന്തപുരം: കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയത് സി.പി.എം അറിയാതെയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പാർട്ടി ഇക്കാര്യം ചർച്ച നടത്തിയിട്ടില്ല. ചർച്ച നടക്കാതെയുള്ള തീരുമാനം എങ്ങനെ വന്നുവെന്ന് പരിശോധിക്കുമെന്നും എം.വി ഗോവിന്ദന്‍ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം അറുപതാക്കി ഏകീകരിച്ച ധനവകുപ്പ് ഉത്തരവ് കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഇന്നലെയാണ് മരവിപ്പിച്ചത്. മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം. യുവജന സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോയത്. അതിനിടെയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍.

"പെന്‍ഷന്‍ പ്രായവുമായി ബന്ധപ്പെട്ട് ഒരു പാർട്ടി ഫോറത്തിലും ചർച്ചകൾ നടന്നിട്ടില്ല. ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ തുടങ്ങിയ സംഘടനകൾ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതിനെ എതിർത്തു. അവരുടെ എതിര്‍പ്പില്‍ തെറ്റില്ല. പാർട്ടിയുമായി കൂടിയാലോചിക്കാതെ പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് അകാലത്തിൽ അവസാനിച്ചു"- എന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കേണ്ടതില്ലെന്ന ഉറച്ച അഭിപ്രായമാണ് സി.പി.എമ്മിനുള്ളതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

പൊതുമേഖല സ്ഥാപനങ്ങളുടെ സേവന- വേതന വ്യവസ്ഥകള്‍ക്ക് പൊതുമാനദണ്ഡം നിശ്ചയിച്ച് ഈ മാസം 29നാണ് വിരമിക്കല്‍ പ്രായം 60 ആക്കി ധനവകുപ്പ് ഉത്തരവ് ഇറക്കിയത്. പല പൊതുമേഖല സ്ഥാപനങ്ങളിലും പെന്‍ഷന്‍ പ്രായം 58 ആണ്. ചിലതില്‍ 60. ഇത് ഏകീകരിച്ച് 60 ആക്കാനാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്. ഇതിനെതിരെ പ്രതിപക്ഷ യുവജനസംഘടനകള്‍ക്ക് പുറമെ ഡി.വൈ.എഫ്.ഐയും എ.ഐ.വൈ.എഫും പ്രതിഷേധവുമായി രംഗത്ത് വന്നു.

ഭരണാനുകൂല യുവജന സംഘടനകള്‍ ഉത്തരവിനെതിരെ രംഗത്ത് വന്നതോടെയാണ് സര്‍ക്കാര്‍ യു ടേണ്‍ അടിച്ചത്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഘടകകക്ഷികളിലെ വിവിധ മന്ത്രിമാരും പ്രതിഷേധം രേഖപ്പെടുത്തി. ഇതോടെയാണ് ധനവകുപ്പിന്‍റെ ഉത്തരവ് താത്കാലികമായി മരവിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. തുടര്‍നടപടികള്‍ സ്വീകരിക്കുന്നെങ്കില്‍ യുവജന സംഘടനകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും എന്നതാണ് നിലവിലെ ധാരണ.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News