അമരത്ത് ബേബി; ഇഎംഎസിന് ശേഷം സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തെത്തുന്ന മലയാളി
സംഘ്പരിവാറിനെതിരായ പോരാട്ടം മൂർച്ചിച്ചു നിൽക്കുന്ന സമയത്ത് പാർട്ടിയുടെ തലപ്പത്ത് ബേബിക്ക് വെല്ലുവിളികൾ ഏറെയാണ്
മധുര: എം.എ ബേബിയെ സിപിഎം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു.ബേബിയെ എതിർത്തിരുന്ന ബംഗാൾ ഘടകവും പിന്മാറി. പൊളിറ്റ് ബ്യൂറോയുടെ തീരുമാനത്തിൽ വോട്ടെടുപ്പ് വേണ്ടെന്നും കേന്ദ്രകമ്മിറ്റിയിൽ ധാരണയായി.. ഇഎംഎസിന് ശേഷം ജനറൽ സെക്രട്ടറി സ്ഥാനത്തെത്തുന്ന മലയാളിയാണ് എം.എ ബേബി.
വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളിൽ തുടങ്ങി പാർലമെൻററി രംഗത്ത് അടക്കം കഴിവ് തെളിയിച്ച ശേഷമാണ് പാർട്ടിയുടെ അമരത്തേക്ക് എം.എ ബേബി എത്തുന്നത്. സംഘ്പരിവാറിനെതിരായ പോരാട്ടം മൂർച്ചിച്ചു നിൽക്കുന്ന സമയത്ത് പാർട്ടിയുടെ തലപ്പത്ത് ബേബിക്ക് വെല്ലുവിളികൾ ഏറെയാണ്. ഇഎംഎസിന് ശേഷം കേരളത്തിൽ നിന്നുള്ള ജനറൽ സെക്രട്ടറി എന്നത് പ്രസ്ഥാനം എം.എ ബേബിയിൽ അർപ്പിച്ച വിശ്വാസം കൂടിയാണ് വ്യക്തമാക്കുന്നത്.
ഇന്നലെയാണ് എം.എ ബേബിയ്ക്ക് 71 വയസ്സ് തികഞ്ഞത്. പിറന്നാളിന്റെ പിറ്റേദിവസം വലിയൊരു മധുരമാണ് എം.എ ബേബിയെ കാത്തിരുന്നത്. സിപിഎം എന്ന പ്രസ്ഥാനത്തിന്‍റെ അഖിലേന്ത്യ ജനറൽ സെക്രട്ടറി. ആ പദവിയിലേക്കുള്ള ബേബിയുടെ യാത്ര അത്രയ്ക്ക് സുഖമുള്ളതായിരുന്നില്ല. അടിയന്തരാവസ്ഥക്കാലത്ത് കൊടിയ പീഡനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.1975ൽ എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡണ്ടും, 79ൽ അഖിലേന്ത്യ അധ്യക്ഷനുമായി.
1983ല്‍ ഡിവൈഎഫ്ഐ അഖിലേന്ത്യ ജോയിൻ സെക്രട്ടറി. 84 ൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം. 86 മുതൽ 98 വരെ രാജ്യസഭാംഗമായി ബേബി തിളങ്ങി.32ാം വയസ്സിൽ ആദ്യം രാജ്യസഭയിൽ എത്തുമ്പോൾ രാജ്യത്തെ ഏറ്റവും ബേബിയായ രാജ്യസഭാംഗമായിരുന്നു ബേബി. 2006 വിഎസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ മന്ത്രിയായി. കൊച്ചി മുസരീസ് ബിനാലയ്ക്ക് തുടക്കം കുറിച്ചതും,കലാകാര ക്ഷേമനിധി നിയമം പാസാക്കിയതും,ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിയമനിർമ്മാണത്തിലൂടെ സ്ഥാപിച്ചതും എല്ലാം ബേബിയുടെ കാലത്താണ്.
2011 കുണ്ടറയെ പ്രതിനിധീകരിച്ച് വീണ്ടും നിയമസഭയിലേക്കെത്തി. 2012 പോളിറ്റ്ബ്യൂറോയിൽ എത്തിയത് മുതൽ ഡൽഹി കേന്ദ്രീകരിച്ചാണ് ബേബിയുടെ പ്രവർത്തനം. ബേബിയുടെ വ്യക്തി ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ച അയാൾ ഇഎംഎസ് ആയിരുന്നു. ഇഎംസിന് ശേഷം ജനറൽ സെക്രട്ടറി പദത്തിലേക്ക് മലയാളിയായ താനെത്തുന്നതിൽ ബേബിക്കും വ്യക്തിപരമായ സന്തോഷം ഉണ്ടാകും. എന്നാൽ ജനറല്‍ സെക്രട്ടറി പദത്തിൽ എം.എ ബേബി കാത്തിരിക്കുന്നത് ചെറിയ വെല്ലുവിളികൾ അല്ല.മതേതര ശക്തികളെ യോജിപ്പിച്ച് നിർത്തി സംഘപരിവാറിനെതിരായ പോരാട്ടം ശക്തിപ്പെടുത്തേണ്ടത് ഇനി ബേബിയുടെ ഉത്തരവാദിത്തമാണ്.