മാനസിക വെല്ലുവിളി നേരിടുന്ന മകളുടെ ചികിത്സയ്ക്ക് അമ്മ തുടങ്ങിയ കട ജിസിഡിഎ അടപ്പിച്ചു; സഹായവുമായി എം.എ. യൂസഫലി

ഉപജീവനമാർഗം നഷ്ടപ്പെട്ട പ്രസന്ന കടയ്ക്കു മുന്നിൽ സമരവും തുടങ്ങി. സംഭവം ചർച്ചയായതോടെ എറണാകുളം എംഎൽഎ ടി.ജെ. വിനോദ് ഇടപെട്ടു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. ഇതിനിടെയാണ് ലുലു ഗ്രൂപ്പിന്‍റെ സഹായ വാഗ്ദാനവും എത്തിയത്.

Update: 2021-07-18 09:08 GMT
Editor : Nidhin | By : Web Desk
Advertising

വാടക കുടിശിക നൽകാത്തതിന്റെ പേരിൽ കൊച്ചി മറൈൻ ഡ്രൈവിൽ 54കാരി നടത്തിയിരുന്ന കട ജിസിഡിഎ അധികൃതർ അടച്ചുപൂട്ടി. താന്തോന്നി തുരുത്ത് സ്വദേശിയായ പ്രസന്നയുടെ ഏക വരുമാന മാർഗമായിരുന്നു കട. മാനസിക വെല്ലുവിളി നേരിടുന്ന ഒരു മകളും ഇവർക്കുണ്ട്. മകളുടെ ചികിത്സയ്ക്കുള്ള ചെലവും ഇതിൽ നിന്നാണ് കണ്ടെത്തുന്നത്.

ഒഴിപ്പിക്കാൻ വന്ന ജിസിഡിഎ അധികൃതർ സാധനങ്ങൾ അടക്കം വാരി പുറത്തിട്ടതോടെ ഉപജീവനമാർഗം നഷ്ടപ്പെട്ട പ്രസന്ന കടയ്ക്കു മുന്നിൽ സമരവും തുടങ്ങി. വാടക കുടിശിക ഇനത്തിൽ 9 ലക്ഷം രൂപ പ്രസന്ന അടയ്ക്കാനുണ്ടെന്ന് ജിസിഡിഎ അധികൃതർ പറഞ്ഞു. പ്രതിസന്ധിയിലായ പ്രസന്നയ്ക്ക് സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ വ്യവസായി എം.എ. യൂസഫലി. പ്രസന്ന അടയ്ക്കാനുള്ള മുഴുവൻ തുകയും ലുലു ഗ്രൂപ്പ് അടയ്ക്കുമെന്ന് യൂസഫലി പറഞ്ഞു.

കോടതി ഉത്തരവ് പ്രകാരമാണ് 2015 ൽ ഇവർക്ക് തറവാടക ഈടാക്കി ഇവിടെ കട തുടങ്ങാൻ അനുമതി നൽകിയത്. ഇപ്പോൾ പ്രതിമാസം 13,800 രൂപയാണ് വാടക. മൂന്നര ലക്ഷം രൂപ വായ്പയെടുത്ത് കട പണിതു. പ്രളയവും ലോക്ക് ഡൗണും നടപ്പാത നവീകരണവുമൊക്കെ കാരണം രണ്ട് വർഷമായി കച്ചവടം ഇല്ലാത്തതിനാൽ വാടക കൊടുക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം കട തുറന്നപ്പോഴാണ് ജിസിഡിഎ അധികൃതരെത്തി ഒഴിപ്പിക്കൽ നടത്തിയത്.

എന്നാൽ തുടർച്ചയായി വാടക അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനാലാണ് കട ഒഴിപ്പിക്കേണ്ടി വന്നതെന്ന് ജിസിഡിഎ പറഞ്ഞു. 2015 മുതൽ വാടക അടയ്ക്കുന്നതിൽ തുടർച്ചയായി വീഴ്ച വരുത്തുന്നുവെന്നും പലതവണ നോട്ടീസ് നൽകിയതിനു ശേഷമാണ് നടപടി എടുത്തതെന്നുമാണ് ജിസിഡിഎയുടെ വിശദീകരണം. ഒരു നിശ്ചിത തുക അടച്ചാൽ കട തുറക്കാൻ അനുവദിക്കാമെന്നും ചെയർമാൻ പറഞ്ഞു.

സംഭവം ചർച്ചയായതോടെ എറണാകുളം എംഎൽഎ ടി.ജെ. വിനോദ് ഇടപെട്ടു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. ഇതിനിടെയാണ് ലുലു ഗ്രൂപ്പിന്‍റെ സഹായ വാഗ്ദാനവും എത്തിയത്. എന്തായാലും നാളെ മുതൽ തന്നെ പ്രസന്നയ്ക്ക് കട തുറക്കാൻ പറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News