കാരുണ്യത്തിന്റെ കരം നീട്ടി യൂസഫലിയെത്തി, ഷഹ്രിനിത് സ്വപ്‌ന സാഫല്യം

ഷഹ്രിനും കുടുംബത്തിനും എല്ലാ സഹായവും വാഗ്ദാനം ചെയ്താണ് എം.എ യൂസഫലി മടങ്ങിയത്

Update: 2021-12-22 06:01 GMT
Editor : Lissy P | By : Web Desk
Advertising

ഉമ്മയെയും ഭിന്നശേഷിക്കാരനായ അനുജനുമടങ്ങുന്ന കുടുംബത്തെ സഹായിക്കാനായി ടോൾ പ്ലാസയിൽ ഫാസ് ടാഗ് വിൽപന നടത്തുന്ന ഷഹ്രിൻ അമാനെ കാണാൻ വ്യവസായിയും ലുലു ഗ്രൂപ് ചെയർമാനുമായ എം.എ യൂസഫലി എത്തി. ഷഹ്രിനെയും അവളുടെ സ്വപ്‌നത്തെയും കഷ്ടപ്പാടുകളെയും കുറിച്ച് ശ്രദ്ധയിൽ പെട്ട യൂസഫലി അവരെ കാണാൻ നേരിട്ടെത്തുകയായിരുന്നു. ഷഹ്രിന്റെ അനുജൻ അർഫാസിന്റെ ശസ്ത്രക്രിയയുടെ ചെലവ് വഹിക്കാമെന്നും യൂസഫലി ഉറപ്പു നൽകി. കൂടാതെ ഷഹ്രിന്റെ കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത യൂസഫലി അവരുടെ ബന്ധുവായ യുവാവിന് ജോലി കൊടുക്കാമെന്നും ഉറപ്പ് നൽകി.

ചൊവ്വാഴ്ച നാട്ടികയിലെ ഉമ്മയുടെയും ഉപ്പയുടെയും ഖബറിടത്തിലെത്തി പ്രാർഥിച്ചതിന് ശേഷം കൊച്ചിയിലേക്ക് ഹെലികോപ്റ്ററിലാണ് യൂസഫലി എത്തിയത്. ഒരു വിമാന യാത്രക്കിടയിലാണ് ഷഹ്രിനെ പറ്റി വന്നവാർത്ത ശ്രദ്ധയിൽപെടുന്നത്. ഷഹ്രിനെ പോലുള്ള കുട്ടിക്ക് സഹായം നൽകണമെന്ന് തോന്നിയതിനാലാണ് അവരെ കാണാൻ നേരിട്ട് എത്തിയതെന്നും യൂസഫലി പറഞ്ഞു. ഐ.പി.എസ് നേടണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ അതിനുള്ള എല്ലാ സഹായം നൽകാമെന്നും നന്നായി പഠിക്കണമെന്ന ഉപദേശം നൽകിയുമാണ് യൂസഫലി മടങ്ങിയത്.

കുമ്പളം സ്വദേശിയായ ഷഹ്രിൻ ഉമ്മയുടെ കഷ്ടപ്പാടുകൾ കണ്ടാണ് ഫാസ് ടാഗ് വിൽക്കാൻ ഇറങ്ങുന്നത്. ഒമ്പതാം ക്ലാസിലാണ് ഷഹ്രിൻ പഠിക്കുന്നത്. ഇതിനകം നാല് ശസ്ത്രക്രിയകൾ അനിയന് നടത്തിയിട്ടുണ്ട്.അനിയന്റെ ചികിത്സ ചെലവുകളും മറ്റുമായി ഉമ്മ കഷ്ടപ്പെടുന്നത് കണ്ടപ്പോൾ തന്നെകൊണ്ട് കഴിയുന്ന രീതിയിൽ സഹായിക്കാമെന്ന് കരുതിയാണ് ഇതിലേക്ക് ഇറങ്ങുന്നത്.ഇതിന് മുമ്പ് കുലുക്കി സർബത്തിന്റെ കടയും നടത്തിയിരുന്നു. കൊറോണ ആയപ്പോൾ കട പൂട്ടി. നടി മഞ്ജുവാര്യാരെ കാണണമെന്ന ആഗ്രഹവും ഷഹ്രിന് മുമ്പ് പ്രകടിപ്പിച്ചിരുന്നു. അതറിഞ്ഞ മഞ്ജു ഷഹ്രിനെ കാണാൻ നേരിട്ട് എത്തിയിരുന്നു. ഒരിക്കലും തളരരുത് ഉമ്മക്ക് തണലായി എപ്പോഴുമുണ്ടാകണം, എന്ത് സഹായമുണ്ടെങ്കിലും ചോദിക്കാൻ മടിക്കരുതെന്ന് പറഞ്ഞാണ് മഞ്ജു വാര്യാർ മടങ്ങിയത്.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News