മഅ്ദനിയുടെ യാത്ര; കർണാടക പൊലീസ് കൊല്ലത്ത് പരിശോധന നടത്തി
മഅ്ദനി താമസിക്കുന്ന എറണാകുളത്തെ വീടും പോലീസ് സംഘം സന്ദർശിക്കും
തിരുവനന്തപുരം: പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി കേരളത്തിലേക്ക് എത്തുന്നതിന് മുന്നോടിയായി കർണാടക പോലീസ് കൊല്ലത്തെത്തി പരിശോധന നടത്തി. ഐജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് അൻവാർശേരിയിൽ എത്തി പരിശോധന നടത്തിയത്. അൻവാർശേരിയിലെ സുരക്ഷ സംബന്ധിച്ചായിരുന്നു പരിശോധന. മഅ്ദനി താമസിക്കുന്ന എറണാകുളത്തെ വീടും പോലീസ് സംഘം സന്ദർശിക്കും.
അതേസമയം, മഅ്ദനിയുടെ കേരളത്തിലേക്കുള്ള വരവ് വൈകുന്നതില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് പിഡിപി നേതാക്കള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും.12 മണിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച. യാത്രാ ക്രമീകരണങ്ങൾ, ചികിത്സ, സുരക്ഷ കാര്യങ്ങള്‍ ഉള്‍പ്പടെ മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്ന് പിഡിപി നേതാക്കള്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയുമായി നേതാക്കള്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
കേരളത്തില്‍ വരാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച പി.ഡി.പി ചെയർമാന്‍ അബ്ദുന്നാസർ മഅ്ദനിയുടെ കേരള യാത്ര വൈകുകയാണ്. ബംഗുളുരു പൊലീസ് കേരളത്തിലെ സുരക്ഷ വിലയിരുത്തിയ ശേഷമാകും യാത്രക്ക് അനുമതി നൽകുക. മഅ്ദനിയുടെ സുരക്ഷക്കായി അനുഗമിക്കേണ്ടത് ബംഗുളുരു പൊലീസിലെ റിസർവ് ബറ്റാലിയനാണ്. അകമ്പടിക്കുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ അനുവദിക്കുന്നതിനനുസരിച്ചേ മഅ്ദനിക്ക് യാത്ര ചെയ്യാനാവൂ. കഴിഞ്ഞ തവണ ഇത്തരമൊരു നടപടി ഉണ്ടായിരുന്നില്ല. രോഗാവസ്ഥ മൂർച്ഛിച്ചതിനാൽ വിദഗ്ധ ചികിത്സ തേടേണ്ടതുള്ളതിനാലാണ് ബംഗളൂരു വിട്ട് കേരളത്തിലേക്ക് പോകാന്‍ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി മഅ്ദനി സുപ്രിംകോടതിയെ സമീപ്പിച്ചത്.