ഇളവ് നൽകരുതെന്ന് ഉറച്ച് കർണാടക; മഅ്ദനിയുടെ ഹരജി തിങ്കളാഴ്‌ചത്തേക്ക് മാറ്റി
എട്ട് വർഷമായി തടവിൽ തന്നെയാണ് കഴിയുന്നതെന്നും ഇതുവരെ ഒരു ജാമ്യവ്യവസ്ഥയും ലംഘിച്ചിട്ടില്ലെന്നും മഅ്ദനി കോടതിയെ അറിയിച്ചു
ഡൽഹി: ജാമ്യവ്യവസ്ഥകളിൽ ഇളവ് ആവശ്യപ്പെട്ട് പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനി സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് സുപ്രിംകോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്ന് മഅ്ദനിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഒരു സത്യവാങ് മൂലം കൂടി ഫയൽ ചെയ്യാനുണ്ടെന്ന് കർണാടക കോടതിയെ അറിയിച്ചു.
എട്ട് വർഷമായി തടവിൽ തന്നെയാണ് കഴിയുന്നതെന്നും ഇതുവരെ ഒരു ജാമ്യവ്യവസ്ഥയും ലംഘിച്ചിട്ടില്ലെന്നും മഅ്ദനി കോടതിയെ അറിയിച്ചു. എന്നാൽ, മഅ്ദനിക്ക് ജാമ്യവയവസ്ഥയിൽ ഇളവ് നൽകരുതെന്ന് കർണാടക കോടതിയെ അറിയിച്ചു. രണ്ടുമാസം മാത്രമാണ് വിചാരണ പൂർത്തിയാകാനുള്ളതെന്ന് ചൂണ്ടിക്കാട്ടിയ കർണാടക ഭീകരവിരുദ്ധ സെൽ മഅ്ദനി സ്ഥിരം കുറ്റവാളിയാണെന്നും കോടതിയെ അറിയിച്ചു.
ആയുർവേദ ചികിത്സ നൽകണമെന്ന് ഡോക്ടർമാർ പറഞ്ഞിട്ടില്ല. സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് കേസുണ്ടെന്നും കർണാടക ഭീകരവിരുദ്ധ സെൽ സുപ്രിംകോടതിയിൽ പറഞ്ഞു. കേസ് വിചാരണ നടപടിയിലേക്കു നടക്കുന്നതിനാൽ കർണാടകയിൽ ഇനി തടവിൽ കഴിയേണ്ട കാര്യമില്ലെന്നും മഅ്ദനിക്കു വേണ്ടി ഹാജരായ അഡ്വ .ഹാരിസ് ബീരാൻ കഴിഞ്ഞ തവണ ചൂണ്ടിക്കാട്ടിയിരുന്നു.വിശദമായ വാദം കേൾക്കാൻ വേണ്ടിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് കേസ് മാറ്റിയത്.കർണാടക സർക്കാർ ഈ മാസം 17 വരെ സമയം ചോദിച്ചെങ്കിലും 13ന് ഹരജി പരിഗണിക്കുമെന്ന് സുപ്രിംകോടതി വ്യക്തമാക്കുകയായിരുന്നു.
കേരളത്തിലെ വിവിധ ആശുപത്രികളിലെയും ബാംഗ്ലൂരുവിലെ സൗഖ്യ ഹോസ്പിറ്റൽ, നാരായണ ഹൃദയാലയ തുടങ്ങി ആശുപത്രികളിലെയും വിദഗ്ദ ഡോക്ടർമാരുടെ നിർദേശങ്ങൾ തേടിയെങ്കിലും അവരെല്ലാവരും മഅ്ദനിയെ അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയമാക്കണമെന്ന് അഭിപ്രായപ്പെട്ടങ്കിലും കിഡ്‌നിയുടെ പ്രവർത്തനക്ഷമത (ക്രിയാറ്റിന്റെ അളവ് കൂടിയ സ്ഥിതി) വളരെ കുറഞ്ഞ സാഹചര്യത്തിൽ ശസ്ത്രക്രിയക്ക് വിധേയമാകുക എന്നത് അതീവ സങ്കീർണമായിരിക്കും എന്നാണ് ഡോക്ടർമാരുടെയും അഭിപ്രായം.സർജറിക്കും അതിന് മുമ്പുള്ളപരിശോധനകൾക്കും വേണ്ടി നല്കപ്പെടുന്ന ഡൈ ഇൻജക്ഷനുകൾ ഇപ്പോൾ തന്നെ പ്രവർത്തനക്ഷമത കുറവായ കിഡ്‌നിയുടെ പ്രവർത്തനം നിശ്ചലമാകുമെന്ന സാഹചര്യം ഉണ്ടായേക്കാം എന്ന ഉപദേശമാണ് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി അടിയന്തിരമായി സുപ്രിം കോടതിയെ സമീപിച്ചത്.