കാനഡയില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു
കെഎംസിസി പ്രവർത്തനങ്ങളില്‍ സജീവമായിരുന്ന ഉവൈസ് മുഹമ്മദ് കാസിം ആണ് മരിച്ചത്.
കാനഡയില്‍ കാസര്‍കോട് സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു. ആൽബെർട്ട പ്രോവിന്‍സിലെ എഡ്‌മണ്ടൻ സിറ്റിക്കടുത്തുള്ള നോർത്തേൺ ആൽബെർട്ട സിറ്റി ലെയ്ക്കിൽ സുഹൃത്തുക്കൾക്കൊപ്പം ബോട്ടിങ്ങിനിറങ്ങിയ ഉവൈസ് മുഹമ്മദ് കാസിം ആണ് മരിച്ചത്. തടാകത്തിൽ വീണ കുട്ടികളെ രക്ഷപ്പെടുത്താൻ കഴിഞ്ഞെങ്കിലും ഉവൈസ് മുങ്ങിപ്പോവുകയായിരുന്നു. ശനിയാഴ്ചയാണ് സംഭവം.
ബോയൽ റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസിന്റെ നേതൃത്വത്തിൽ ശനിയാഴ്ച ഉച്ചയോടെ തിരച്ചില്‍ തുടങ്ങി. ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അണ്ടർവാട്ടർ റിക്കവറി ടീം കണ്ടെത്തിയതോടെ വൈകുന്നേരം 3 മണിക്ക് തിരച്ചില്‍ അവസാനിപ്പിച്ചു. മൃതദേഹം നടപടികൾക്കായി ആശുപത്രിയിലേക്ക് കൈമാറി.
വിദ്യാർഥിയായി 6 വര്‍ഷം മുമ്പ് കാനഡയിൽ വന്നതായിരുന്നു ഉവൈസ്. നിലവിൽ വാൾമാർട്ട് ഒഎസ്എല്‍ സ്റ്റോർ മാനേജരായി ജോലി ചെയ്യുകയായിരുന്നു. എഡ്മൺറ്റോൺ മലയാളി കമ്മ്യൂണിറ്റി പ്രവർത്തനങ്ങളിലും കെഎംസിസി പ്രവർത്തനങ്ങളിലും സജീവമായിരുന്നു ഉവൈസ്. സംസ്കാരത്തിനായി എഡ്മൺറ്റനിലെ അൽ റഷീദ് മോസ്‌ക് നേതാക്കളും സുഹൃത്തുക്കളും നടപടി തുടങ്ങി.