ഇടുക്കിയിൽ വീടിന് തീവെച്ച് പിതാവ് മകനെയടക്കം നാല് പേരെ കൊലപ്പെടുത്തി
കുടുംബ പ്രശ്നങ്ങളാണ് കൊലയിലേക്ക് നയിച്ചത്
ഇടുക്കി ജില്ലയിലെ തൊടുപുഴ ചീനിക്കുഴിയിൽ വീടിന് തീ വെച്ച് പിതാവ് മകനെയടക്കം നാല് പേരെ കൊലപ്പെടുത്തി. ചീനിക്കുഴി ആലിയേക്കുന്നേൽ മുഹമ്മദ് ഫൈസൽ (49), ഭാര്യ ഷീബ (39), മക്കളായ മെഹ്റു (16), അസ്ന (13) എന്നിവരാണ് മരിച്ചത്. പിതാവ് ഹമീദിനെ (79) പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
വീടിന്‍റെ ജനലുകള്‍ എല്ലാം അടച്ച്, വൈദ്യുതി, വെള്ളം എന്നിവ വിച്ഛേദിച്ച് വളരെ ആസൂത്രിതമായാണ് പ്രതി കുറ്റം നടത്തിയത്. അര്‍ധരാത്രി വീടിന് പുറത്തിറങ്ങിയ ഹമീദ് കയ്യില്‍ കരുതിയിരുന്ന രണ്ട് ലിറ്റര്‍ പ്രെടോള്‍ ജനലിലൂടെ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തീപടര്‍ന്ന് ചൂട് അനുഭവപ്പെട്ടതിന് പിന്നാലെ ഫൈസലും കുടുംബവും ശുചിമുറിയിലേക്ക് ഓടി. വെള്ളം ഒഴിച്ച് തീയണക്കാനുള്ള ശ്രമം നടത്തി. എന്നാല്‍, വാട്ടര്‍ കണക്ഷന്‍ ഓഫ് ചെയ്തതിനാല്‍ വെള്ളമുണ്ടായിരുന്നില്ല.
തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ എത്തിയാണ് ആദ്യഘട്ട രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. തുടര്‍ന്ന് മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. കൃത്യം നടത്തിയതിനു ശേഷം പ്രതി ഓട്ടോയില്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും നാട്ടുകാരുടെ ഇടപെടലോടെ പൊലീസ് കസ്റ്റഡിയിലാവുകയായിരുന്നു. സ്വത്ത് തര്‍ക്കം സംബന്ധിച്ച് കാലങ്ങളായി ഇവര്‍ തമ്മില്‍ കുടുംബവഴക്ക് പതിവാണെന്നും പ്രദേശവാസികള്‍ പറഞ്ഞു.