മണിയാർ ജലവൈദ്യുത പദ്ധതി കരാർ നീട്ടി നൽകിയത് മന്ത്രിസഭ പോലും അറിയാതെ, പിന്നിൽ അഴിമതി; വൈദ്യുതി മന്ത്രിയെ നോക്കുകുത്തിയാക്കുന്നെന്ന് രമേശ് ചെന്നിത്തല

'ധാരണാപത്രത്തിലുള്ള കാര്യങ്ങൾ പാലിക്കപ്പെട്ടിട്ടില്ല. പദ്ധതി 30 വർഷം കഴിയുമ്പോൾ സംസ്ഥാന സർക്കാരിന് കൈമാറേണ്ടതാണ്. ആ കാലാവധി ഈ ഡിസംബർ 30ന് പൂർത്തിയാവും'.

Update: 2024-12-13 11:14 GMT
Advertising

കോഴിക്കോട്: മണിയാർ ജലവൈദ്യുത പദ്ധതിയുടെ കരാർ കാര്‍ബൊറണ്ടം യൂണിവേഴ്സല്‍ കമ്പനിക്ക് നീട്ടിനൽകിയത് മന്ത്രിസഭ പോലും അറിയാതെയെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വൈദ്യുതി മന്ത്രിയെ നോക്കുകുത്തിയാക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കരാർ പുതുക്കണമെന്നത് പകരാർ ഒപ്പിടുന്ന സമയത്ത് പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു. മണിയാർ പദ്ധതിയിൽ ബിഒടി അടിസ്ഥാനത്തിൽ 30 വർഷത്തേക്കാണ് സർക്കാർ ധാരണാപത്രം ഒപ്പിട്ടത്. അത് നീട്ടിനൽകാനുള്ള തീരുമാനം അഴിമതിയാണെന്നും അദ്ദേഹം ആരോപിച്ചു. 

ധാരണാപത്രത്തിലുള്ള കാര്യങ്ങൾ പാലിക്കപ്പെട്ടിട്ടില്ല. പദ്ധതി 30 വർഷം കഴിയുമ്പോൾ സംസ്ഥാന സർക്കാരിന് കൈമാറേണ്ടതാണ്. ആ കാലാവധി ഈ ഡിസംബർ 30ന് പൂർത്തിയാവും. അങ്ങനെ പൂർത്തിയാവുമ്പോൾ ഈ പദ്ധതി ഇലക്ട്രിസിറ്റി ബോർഡിന് കൈമാറണമെങ്കിൽ 21 ദിവസം മുമ്പ് നോട്ടീസ് നൽകണം. ആ നോട്ടീസ് സർക്കാർ ഇതുവരെ കൈമാറിയിട്ടില്ല. അത് കൊടുക്കാത്ത സന്ദർഭത്തിലാണ് താൻ ഇക്കാര്യങ്ങൾ പറയുന്നത്. 30 വർഷം കഴിഞ്ഞിട്ടും ഈ കമ്പനിക്ക് 25 വർഷം കൂടി കൊടുക്കുന്നത് അഴിമതിയാണ്. ഈ കമ്പനിയെ വഴിവിട്ട് സഹായിക്കുകയാണ് വ്യവസായ മന്ത്രിയും മുഖ്യമന്ത്രിയും ചെയ്യുന്നത്- ചെന്നിത്തല വ്യക്തമാക്കി.

കെഎസ്ഇബി ചെയർമാന്റെയും ചീഫ് എഞ്ചിനീയർ അടക്കമുള്ളവരുടെയും മുൻ ചെയർമാന്റേയും കത്തുകളിലൊക്കെ ആവശ്യപ്പെട്ടിരിക്കുന്നത് കാലാവധി കഴിഞ്ഞതുകൊണ്ട് ഡിസംബർ 30 മുതൽ ഈ ജലവൈദ്യുതി പദ്ധതി തിരിച്ച് ഇലക്ട്രിസിറ്റി ബോർഡിന് കൊടുക്കണം എന്നാണ്. കാരണം കേരളം ഇന്ന് കനത്ത വൈദ്യുതി പ്രതിസന്ധി നേരിടുകയാണ്. അതു മൂലം ജനങ്ങളുടെ മേൽ കൂടുതൽ ചാർജ് അടിച്ചേൽപ്പിക്കേണ്ടിവരുന്നു. അതിനാൽ പ്രതിമാസം 12 മെഗാവാട്ട് ഉത്പാദിപ്പിക്കുന്ന ഈ പദ്ധതി തിരികെ നൽകണമെന്ന് കെഎസ്ഇബിയും മന്ത്രിയുമൊക്കെ ആവശ്യപ്പെട്ടതാണ്. എന്നിട്ടും വ്യവസായ മന്ത്രിയും മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയെ നോക്കുകുത്തിയാക്കി 25 വർഷം കൂടി കരാർ നീട്ടിനൽകാൻ തീരുമാനമെടുത്തു. കോടികളുടെ അഴിമതി ഇതിനു പിന്നിലുണ്ട്. ഈ കമ്പനിക്ക് 30 വർഷം കഴിഞ്ഞിട്ടും വൈദ്യുതി കൊടുക്കേണ്ട ഉത്തരവാദിത്തം നമുക്കില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

'ഇന്ന് നിയമവും വ്യവസ്ഥകളും മാറിയെന്നാണ് വ്യവസായ മന്ത്രി പറയുന്നത്. എന്ത് വ്യവസ്ഥയാണ് മാറിയത്?. 1991ലെ കരാറിൽ പുതുക്കിക്കൊടുക്കാമെന്ന് പറഞ്ഞിട്ടില്ല. കമ്പനിയുടെ ലെറ്റർ തന്റെ കൈയിലുണ്ട്. 2019ലെ വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായെന്നും അതിനാൽ കരാർ നീട്ടിക്കൊടുക്കണം എന്നുമാണ് കമ്പനിയുടെ കത്തിൽ പറയുന്നത്. അന്നത്തെ വെള്ളപ്പൊക്കത്തിൽ ഈ കമ്പനിക്കൊരു നാശനഷ്ടവും ഉണ്ടായില്ല. ഇനി അങ്ങനെ ഉണ്ടായെങ്കിൽ എന്തുകൊണ്ട് ബോർഡിനെയോ സർക്കാരിനെയോ അക്കാര്യം അറിയിച്ചില്ല. നാശനഷ്ടം തിട്ടപ്പെടുത്തിയില്ല. അപ്പോൾ നാശഷ്ടമുണ്ടായില്ലെന്നാണ് സത്യം. ഇനിയുണ്ടായെങ്കിൽതന്നെ ഈ കമ്പനിക്ക് ഇൻഷുറൻസ് ഉള്ളതല്ലേ. എന്നിട്ടുമെന്തുകൊണ്ട് അത് ഈടാക്കിയില്ല. അപ്പോൾ പ്രളയത്തെ മുൻനിർത്തി ഒരുകള്ളക്കഥ മെനയുകയാണ്. അങ്ങനെ കരാർ 25 വർഷത്തേക്കു കൂടി നീട്ടണമെന്ന് പറയുന്നത് അഴിമതിയാണ്. മുഖ്യന്ത്രിയും വ്യവസായ മന്ത്രിയും അറിഞ്ഞുകൊണ്ട് ഈ സ്വകാര്യ വ്യക്തിക്ക് പ്രതിമാസം കേരളത്തിന് കിട്ടേണ്ട 12 മെഗാവാട്ട് കൊടുക്കുകയാണ്. ഇതൊരിക്കലും ന്യായമല്ല'- ചെന്നിത്തല വിശദമാക്കി.

വ്യവസായങ്ങൾ വരട്ടെയെന്നാണ് മന്ത്രി പറയുന്നത്. വരണം. വ്യവസായങ്ങൾ വരാത്തത് പി. രാജീവിന്റെ പാർട്ടി ഇക്കാലമത്രയും സ്വീകരിച്ചത് തെറ്റായ നയങ്ങൾ മൂലമായിരുന്നു. എൽഡിഎഫ് അധികാരത്തിലിരിക്കുമ്പോൾ മാത്രമാണ് വ്യവസായത്തെ കുറിച്ച് പറയുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആരെങ്കിലും നിക്ഷേപം നടത്താൻ വന്നാൽ അവരെ ഓടിച്ചുവിടുന്ന സമീപനമാണ് എൽഡിഎഫ് സ്വീകരിച്ചത്. യുഡിഎഫ് വ്യവസായങ്ങൾക്ക് എതിരല്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News