അരിക്കൊമ്പൻ മിഷന് ഹൈക്കോടതി സ്‌റ്റേ: പ്രതിഷേധം ശക്തമാക്കാൻ പഞ്ചായത്തുകൾ

ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകൾ കേസിൽ കക്ഷി ചേരും

Update: 2023-03-24 09:23 GMT
Advertising

അരിക്കൊമ്പൻ മിഷൻ ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ പ്രതിഷേധം ശക്തമാക്കാൻ പഞ്ചായത്തുകളുടെ തീരുമാനം. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകൾ കേസിൽ കക്ഷി ചേരും.

ഇന്ന് വൈകിട്ട് രണ്ട് പഞ്ചായത്തുകളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. വനം മന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ അനുകൂല നടപടിയുണ്ടായില്ലെങ്കിൽ ഹർത്താൽ പ്രഖ്യാപിക്കാനും സർവകക്ഷി യോഗത്തിൽ തീരുമാനമായി. 

Full View

ജനകീയ പ്രതിഷേധത്തിനൊടുവിലാണ് അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള തീരുമാനമെടുത്തതും ഇതിനുള്ള നടപടികൾ ആരംഭിച്ചതും. കോടതി വിധി വന്നതോടെ വീണ്ടും പ്രതിഷേധമുണ്ടാവുമെന്ന സൂചന നൽകിയാണ് ചിന്നക്കനാൽ പഞ്ചായത്തിൽ ഇന്ന് ചേർന്ന സർവകക്ഷി യോഗം ആവസാനിപ്പിച്ചത്.

പരിസ്ഥിതി സ്‌നേഹികൾ ഇടുക്കിയിലെ സാഹചര്യം മനസ്സിലാക്കാതെയാണ് ഇടപെടുന്നതെന്നും പരാമർശമുന്നയിക്കുന്നതെന്നും വലിയ രീതിയിൽ ജനരോഷമുയരുന്നുണ്ട്. കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ. നിലവിൽ പെരിയകനാൽ എസ്റ്റേറ്റിന് സമീപത്ത് തന്നെയാണ് അരിക്കൊമ്പൻ ഇപ്പോഴുമുള്ളത്. കുറച്ചു നാളുകളായി ഈ മേഖലയിലാണ് ആനയുടെ വാസം. അരിക്കൊമ്പനൊപ്പം മറ്റ് ആനക്കൂട്ടവുമുണ്ട്. ആനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള തീരുമാനം റദ്ദാക്കിയതിന് പിന്നാലെ തന്നെ ആ മേഖലയിൽ നിന്ന് അരിക്കൊമ്പനെ ഓടിക്കാനുള്ള ശ്രമം നാട്ടുകാരുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു.

ബുധനാഴ്ച ഹരജി പരിഗണിക്കുന്നത് വരെയാണ് മിഷൻ അരിക്കൊമ്പന് ഹൈക്കോടതിയുടെ സ്റ്റേ ചെയ്തത്. ഇന്നലെ രാത്രി പ്രത്യേക സിറ്റിങ് നടത്തിയാണ് ഹൈക്കോടതി ഹരജി പരിഗണിച്ചതും . മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലായിരുന്നു കോടതിയുടെ നടപടി. അമിക്യസ് ക്യൂറി റിപ്പോർട്ട് പ്രകാരം മിഷൻ അരിക്കൊമ്പൻ നടപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ കോടതി വിലയിരുത്തി.

ജനങ്ങളുടെ ജീവന് ഭീഷണി ആയതുകൊണ്ടാണ് വേഗത്തിൽ അരിക്കൊമ്പനെ പിടികൂടാൻ തീരുമാനിച്ചതെന്നായിരുന്നു സർക്കാരിന്റെ മറുപടി. എന്നാൽ ആനയെ പിടികൂടുന്നത് അവസാന ഘട്ടമാണെന്ന് വ്യക്തമാക്കിയ കോടതി ആനയുടെ ശരീരത്തിൽ ട്രാക്കർ ഘടിപ്പിച്ചിട്ടുണ്ടോ എന്നതടക്കമുള്ള ചോദ്യങ്ങൾ  ഉന്നയിച്ചു.

വിശദമായ വാദം കേൾക്കുന്നത് വരെ തൽക്കാലം മിഷൻ നീട്ടിവെക്കാനാണ് കോടതി നിർദേശം. ബുധനാഴ്ച ഹരജി വീണ്ടും പരിഗണിച്ചതിന്ശേഷം തുടർനടപടി സ്വീകരിക്കും. അതുവരെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും കോടതി നിർദേശമുണ്ട്. ഹൈക്കോടതി ഉത്തരവ് പരിശോധിക്കാൻ വനം മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. 

ഓപ്പറേഷൻ അരിക്കൊമ്പനെതിരെ തിരുവനന്തപുരം ആസ്ഥാനമായ മൃഗസംരക്ഷണ സംഘടന സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കുമെന്നാണ് വിവരം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. അരിക്കൊമ്പനെ പിടികൂടി കോടനാട് ആന പരിശീലന കേന്ദ്രത്തിൽ സൂക്ഷിക്കാനുള്ള വനം വകുപ്പിന്റെ ഉത്തരവിനെതിരെയാണ് ഹർജി. ആനയെ മനുഷ്യവാസമില്ലാത്ത വനമേഖലയിൽ തുറന്നു വിടണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News