മത്തായിയുടെ കസ്റ്റഡി മരണത്തിന് ഒരു വര്‍ഷം; സി.ബി.ഐ അന്വേഷണം അവസാനഘട്ടത്തില്‍
ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസില്‍ പ്രാഥമിക ഘട്ടത്തില്‍ തന്നെ അട്ടിമറി നടന്നതായി സി.ബി.ഐ കണ്ടെത്തിയിരുന്നു
പത്തനംതിട്ട ചിറ്റാറിൽ വനംവകുപ്പ് കസ്റ്റഡിയിലിരിക്കെ കർഷകനായ മത്തായി കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വർഷം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് മത്തായിയെ കൊലപ്പെടുത്തിയതാണന്നുള്ള കുടുംബത്തിന്‍റെ ആരോപണം സംസ്ഥാന വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ലോക്കല്‍ പൊലീസിസിന്‍റെ വീഴ്ചയെ തുടര്‍ന്ന് സി.ബി.ഐ ഏറ്റെടുത്ത കേസ് അന്വേഷണം അന്തിമഘട്ടത്തിലാണ്.
2020 ജൂലെയ് 28നാണ് വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ പത്തനംതിട്ട ചിറ്റാര് സ്വദേശി പി പി മത്തായി മരിച്ചത്. വനത്തിലെ ക്യാമറ തകര്‍ത്ത കേസില്‍ കസ്റ്റഡിയിലെടുത്ത മത്തായി തെളിവെടുപ്പിനിടെ കിണറ്റില് ചാടി ആത്മഹത്യ ചെയ്തതായാണ് അന്ന് വൈകിട്ട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ബന്ധുക്കളെ അറിയിച്ചത്. എന്നാല്‍ അനധികൃതമായി കസ്റ്റഡിയിലെടുത്ത വനപാലകര്‍ ചേര്ന്ന് മത്തായിയെ കൊലപ്പെടുത്തിയതാണന്നുള്ള കുടുംബത്തിന്‍റെ ആരോപണം വന്‍ വിവാദങ്ങള്‍ക്ക് വഴി തെളിച്ചു. ലോക്കല്‍ പൊലീസുമായി ചേര്‍ന്ന് വനം വകുപ്പ് അന്വേഷണം അട്ടിമറിക്കുന്നതായും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസില്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചത്.
സി.ബി.ഐ അന്വേഷണം ഏറ്റെടുക്കുംവരെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടെടുത്ത കുടുംബത്തിന് പിന്തുണയുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ഓര്‍ത്തഡോക്സ് സഭയും രംഗത്തെത്തി. ഒടുവില്‍ കേസ് അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്ന റീപോസ്റ്റ്മോര്‍ട്ടത്തിന് ശേഷമാണ് 41 ദിവസത്തെ പ്രതിഷേധം അവസാനിപ്പിച്ച് മത്തായിയുടെ മൃതദേഹം സംസ്കരിക്കുന്നത്.
ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസില്‍ പ്രാഥമിക ഘട്ടത്തില്‍ തന്നെ അട്ടിമറി നടന്നതായി സി.ബി.ഐ കണ്ടെത്തി. വനം വകുപ്പിന്‍റെ അന്വേഷണത്തിലും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയതായി സ്ഥിരീകരിച്ചതോടെ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും രണ്ട് പേരെ സ്ഥലം മാറ്റുകയും ചെയ്തു. 11 മാസത്തിലേറെയായി നടക്കുന്ന അന്വേഷണം അന്തിമഘട്ടത്തിലാണന്നും അവസാനവട്ട തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കിയ ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നുമാണ് സി.ബി.ഐ ഉദ്യോഗസ്ഥര്‍ പറയുന്നത്.