മീഡിയവൺ 'ഫെയ്‍സ് ഓഫ് കേരള': 2021ലെ വാർത്താതാരം പിണറായി വിജയൻ
പിണറായിക്കു പുറമെ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീം അംഗം പിആർ ശ്രീജേഷ്, എംജി സർവകലാശാലയിലെ ജാതിവിവേചനത്തിനെതിരെ പോരാടിയ ഗവേഷക ദീപ പി. മോഹനൻ എന്നിവരായിരുന്നു 'ഫെയ്‍സ് ഓഫ് കേരള'യുടെ അന്തിമ പട്ടികയിൽ ഉൾപ്പെട്ടിരുന്നത്
തുടർഭരണത്തിലൂടെ ചരിത്രമെഴുതിയ മുഖ്യമന്ത്രി പിണറായി വിജയൻ 2021ന്റെ വാർത്താതാരം. കഴിഞ്ഞ വർഷത്തെ കേരളത്തിന്റെ വാർത്താമുഖത്തെ തെരഞ്ഞെടുക്കാനായി മീഡിയവൺ നടത്തിയ 'ഫെയ്‍സ് ഓഫ് കേരള' വോട്ടെടുപ്പിലാണ് പ്രഖ്യാപനം. മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറാണ് പ്രഖ്യാപനം നടത്തിയത്.
കഴിഞ്ഞ വർഷം വാർത്തകളിൽ നിറഞ്ഞുനിന്ന നാല് മലയാളികളിൽനിന്നാണ് പിണറായി വിജയനെ തെരഞ്ഞെടുത്തത്. പിണറായിക്കു പുറമെ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീം അംഗം പിആർ ശ്രീജേഷ്, എംജി സർവകലാശാലയിലെ ജാതിവിവേചനത്തിനെതിരെ പോരാടിയ ഗവേഷക ദീപ പി. മോഹനൻ എന്നിവരായിരുന്നു 'ഫെയ്‍സ് ഓഫ് കേരള'യുടെ അന്തിമ പട്ടികയിൽ ഉൾപ്പെട്ടിരുന്നത്.
മീഡിയവൺ എഡിറ്റോറിയൽ സംഘം തിരഞ്ഞെടുത്ത പത്തുപേരുടെ പട്ടികയിൽനിന്ന് പ്രേക്ഷകരുടെ ഏറ്റവും കൂടുതൽ വോട്ട് നേടിയ നാലുപേരാണ് അന്തിമഘട്ടത്തിലെത്തിയത്. ആര്യ രാജേന്ദ്രൻ(തിരുവനന്തപുരം മേയർ), ലയ രാജേഷ്(പിഎസ്‍സി സമരനായിക), നിമിഷ സജയൻ(നടി), പി. കൃഷ്ണപ്രസാദ്(കർഷക സമരനായകൻ), പിണറായി വിജയൻ(മുഖ്യമന്ത്രി), ഫഹദ് ഫാസിൽ(നടൻ), ഷഹബാസ് അമൻ(ഗായകൻ, സംഗീതജ്ഞൻ) എന്നിവരാണ് ആദ്യ പത്തിൽ ഉൾപ്പെട്ട മറ്റ് വാർത്താവ്യക്തിത്വങ്ങൾ.
വിദഗ്ധ പാനലിന്റെ അഭിപ്രായവും പ്രേക്ഷകരുടെ വോട്ടും പരിഗണിച്ചാണ് ഇവരിൽനിന്ന് വാർത്താമുഖത്തെ കണ്ടെത്തിയത്. നിയമവിദഗ്ധനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. സെബാസ്റ്റ്യൻ പോൾ, എഴുത്തുകാരൻ സി.വി ബാലകൃഷ്ണൻ, വിദ്യാഭ്യാസ പ്രവർത്തക ഡോ. ഷംഷാദ് ഹുസൈൻ, സാമൂഹ്യനിരീക്ഷകൻ ജീവൻ ജോബ് തോമസ് എന്നിവരാണ് വിദഗ്ധ പാനലിലുണ്ടായിരുന്നത്.